മോനെ ഇ-വേസ്റ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ പറയണേ..: ഹരിതകർമ്മസേനയുടെ പോസ്റ്ററിലും യുദ്ധവിമാനം;പങ്കുവെച്ച് മന്ത്രി

തിരുവനന്തപുരം: തകരാർ കാരണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തെ വിടാതെ കേരളം. ഇത്തവണ ഹരിതകർമ്മ സേനയുടെ പോസ്റ്ററിലാണ് യുദ്ധവിമാനം ഇടം പിടിച്ചത്. ജൂലൈ 15 മുതൽ നഗരങ്ങളിൽ ആരംഭിക്കുന്ന ഹരിതകർമ്മ സേന ഇ-മാലിന്യ ശേഖരണ യജ്ഞത്തിന്റെ പോസ്റ്റർ മന്ത്രി എം ബി രാജേഷും പങ്കുവെച്ചു. ‘മോനേ…ഇ വേസ്റ്റ് വല്ലതും ഉണ്ടെങ്കിൽ പറയണേ…ഞങ്ങൾ എടുത്തോളാം’, എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ.
യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ്35 തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് ധാരാളം വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും, ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. എംവിഡിയും കേരള ടൂറിസം വകുപ്പും നേരത്തെ യുദ്ധവിമാനത്തെ ഉപയോഗിച്ച് പോസ്റ്ററുകൾ ചെയ്തിരുന്നു.
ഇംഗ്ലണ്ടില്‍ നിന്നടക്കം വിദഗ്ധര്‍ എത്തി പരിശോധനകള്‍ നടത്തിയിട്ടും, നന്നാക്കാന്‍ ശ്രമിച്ചിട്ടും എഫ്35ന്റെ തകരാറ് ശരിയാക്കാനോ, ചലിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. നിലവില്‍ ബ്രിട്ടീഷ്- അമേരിക്കന്‍ സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സംഘം വിമാനത്തിന്റെ കേടുപാടുകള്‍ നികത്താന്‍ ശ്രമിക്കുകയാണെങ്കിലും വിമാനത്തിന്റെ തിരിച്ച് പോക്ക് അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണ്.
അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയും വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയുമായിരുന്നു. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും പ്രശ്‌നം കണ്ടെത്തി. വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടത്. നിലവില്‍ വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലാണ് വിമാനം.