സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച രണ്ടു യുവാക്കള്‍ക്കെതിരെ കേസ്

മൂന്നാർ: സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച രണ്ടു യുവാക്കള്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു.മൂന്നാർ ഡിഎഫ്ഒയുടെ നിർദേശപ്രകാരമാണ് നടപടി.നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്തശേഷം ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. ഇൻസ്റ്റഗ്രാമില്‍ പ്രചരിച്ച ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.വന്യജീവി സംരക്ഷണ നിയമപ്രകാരം നീലക്കുറിഞ്ഞി സംരക്ഷിത സസ്യമാണ്. നീലക്കുറിഞ്ഞി നശിപ്പിക്കുകയോ പറിച്ചെടുക്കുകയോ ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വർഷംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളില്‍ സസ്യങ്ങള്‍ നശിപ്പിക്കുന്നതോ പൂക്കള്‍ പറിക്കുന്നതോ അനുവദിക്കില്ലെന്ന് മൂന്നാർ ഡിഎഫ്ഒ അറിയിച്ചു. വരും ദിവസങ്ങളില്‍ ആരെങ്കിലും നീലക്കുറിഞ്ഞി നശിപ്പിക്കാൻ ശ്രമിച്ചാല്‍ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ മുന്നറിയിപ്പ് നല്കി.



