dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സലിം കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്, ഒരുമണിവരെ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം

കൊച്ചി: പതിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹാസ്യത്തിന്റെ തമ്പുരാന്‍ സലിം കുമാര്‍ ഇനി ചിരിയോര്‍മ. തനതായ അഭിനയശൈലിയിലൂടെ ദേശീയ പുരസ്‌കാരത്തിന്റെ നെറുകയില്‍ വരെ മലയാളത്തിന്റെ പെരുമ അടയാളപ്പെടുത്തിയാണ് സലിം കുമാര്‍ വിടവാങ്ങുന്നത്.രാവിലെ എട്ട് മണിക്ക് സലിം കുമാറിന്റെ മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് പറവൂര്‍ ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. ഒരുമണിവരെ പൊതുദര്‍ശനം. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ ഭൗതികദേഹം സംസ്‌കരിക്കും. ഇന്നലെയാണ് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ സലിം കുമാർ വിടപറഞ്ഞത്. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിം കുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിൻ്റെ സിനിമാ അരങ്ങേറ്റം. 2006ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് സലിംകുമാർ അർഹനായി. 2011ൽ ആദാമിന്റെ മകൻ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരവും സലിം സ്വന്തമാക്കി. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകളിൽ സംവിധായകനെന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത് സലിം കുമാറായിരുന്നു.2000 മുതൽ 2005 വരെയുള്ള കാലയളവായിരുന്നു സലിം കുമാറെന്ന അഭിനേതാവിൻ്റെ സിനിമാ ജീവിതത്തിലെ സുവർണകാലം. തെങ്കാശി പട്ടണത്തിലെ കള്ളൻ, ഈ പറക്കും തളികയിലെ മായാണ്ടി, സിഐഡി മൂസയിലെ പേരില്ലാത്ത കഥാപാത്രം, കല്യാണരാമനിലെ പ്യാരി, പുലിവാൽ കല്യാണത്തിലെ മണവാളൻ, മീശമാധവനിലെ അഡ്വേക്കേറ്റ് മുകുന്ദനുണ്ണി എന്നിങ്ങനെ മലയാളി എന്നും നെഞ്ചോടു ചേർക്കുന്ന കഥാപാത്രങ്ങൾ മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യതാരങ്ങളുടെ പട്ടികയിലേക്കു സലിംകുമാറിനെ എത്തിച്ചു.ഹാസ്യവേഷം മാത്രമല്ല കൂടുതൽ അഭിനയപ്രാധാന്യമുള്ള സീരിയസ് വേഷങ്ങളും തനിക്കു ചേരുമെന്ന് സലിംകുമാർ തെളിയിച്ച കാലമായിരുന്നു പിന്നീട്. 2006ൽ പുറത്തിറങ്ങിയ ലാൽജോസ് ചിത്രം അച്ഛനുറങ്ങാത്ത വീടായിരുന്നു ഇതിനു തുടക്കം. ചിത്രത്തിലെ സാമുവൽ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാറിനു നേടികൊടുത്തു.1969 ഒക്ടോബർ പത്തിന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ- കൌസല്യ ദമ്പതികളുടെ ഇളയ മകനായാണ് സലിംകുമാറിന്റെ ജനനം. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലും ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മാല്യങ്കര എസ്എൻഎം കോളജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനിടെയാണ് മിമിക്രി രംഗത്തേക്കു കടന്നത്. മഹാരാജാസ് കോളജിൽ ബിരുദ പഠനത്തിനിടെ എംജി സർവകലാശാല കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ മൂന്ന് തവണ വിജയിയായി.അക്കാലത്ത് മലയാളത്തിലെ മിമിക്രിയുടെ പ്രധാന കേന്ദ്രമായിരുന്ന കൊച്ചിൻ കലാഭവനിൽ എത്താനായത് സലിം കുമാറിൻ്റെ കലാ ജീവിതത്തിലെ വഴിത്തിരിവായി. മെലിഞ്ഞ രൂപവും ഹാസ്യരസം മിന്നിമായുന്ന മുഖവും പ്രത്യേക ചിരിയുമായി സലിംകുമാർ ആരാധകരെ കൈയ്യിലെടുത്തു. കോമിക്കോള എന്ന ടെലിവിഷൻ ഹാസ്യപരിപാടിയിലെ പ്രകടനം വെള്ളിത്തിരയിലേക്കു വഴിതുറന്നു. സുനിതയാണ് ഭാര്യ. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.പ്രിയപ്പെട്ട സലിം കുമാര്‍, തീർന്നുപോയത് ആയുസ്സിന്റെ കണക്കുപുസ്തകം മാത്രമാണ്. മലയാളിക്ക് നിങ്ങൾ സമ്മാനിച്ച ചിരിയുടെ പുണ്യത്തിന് മരണത്തിന്റെ അതിരുകളില്ല. നിങ്ങൾ തന്ന ഹാസ്യത്തിന്‍റെ ഒസ്യത്ത് ഈ മണ്ണിലുള്ള കാലത്തോളം ഞങ്ങളുടെ ചിരിയും ചിന്തയുമായി നിങ്ങൾ കൂടെയുണ്ടാകും. മരണമില്ലാത്ത ആ ഓർമ്മകള്‍ക്ക് പ്രണാമം…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button