KSEB സോളാർ അഴിമതി: പ്രാഥമിക അന്വേഷണം ആരംഭിച്ച് വിജിലൻസ്

കെഎസ്ഇബി സോളാർ അഴിമതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതുവരെ 3.16 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമെന്നാണ് വിലയിരുത്തൽ. പദ്ധതി പാതി വഴിയിൽ നിലച്ചിരുന്നു. കോട്ടയം, കാസർക്കോട് ജില്ലകളിലാണ് സോളാർ പദ്ധതി ആരംഭിച്ചിരുന്നത്. എറണാകുളം സ്വദേശി കെ ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.6.68 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് കോട്ടയം ഏറ്റുമാനൂരിൽ ഒരു മെഗാവാട്ട് സോളാർ പദ്ധതിയ്ക്കായി കരാർ നൽകിയത്. ഇതിൽ 2.48 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞു. എന്നാൽ പദ്ധതി എവിടെയും എത്തിയിട്ടില്ല. കാസർഗോഡ് ജില്ലയിൽ മയിലാട്ടിയിൽ ഗ്രിഡ് ബന്ധിത സോളാർ ആയിരുന്നു ആരംഭിക്കാൻ ഉദേശിച്ചിരുന്നത്. ഇതിനായി പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പദ്ധതി എവിടെയും എത്തിയിട്ടില്ല. ഉദ്യോഗസ്ഥ തലത്തിൽ വലിയ അഴിമതി നടന്നതായാണ് ഉയർന്ന ആരോപണം.



