PSCക്ക് തിരിച്ചടി: ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പരീക്ഷാ രേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പിഎസ്സിക്ക് തിരിച്ചടി. പരീക്ഷാ രേഖകള്‍ മുഴുവന്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഉത്തരക്കടലാസും അഭിമുഖത്തിലെ മാര്‍ക്കിന്റെ വിവരങ്ങളും അപേക്ഷ നല്‍കിയവര്‍ക്ക് കൈമാറണമെന്നാണ് നിര്‍ദ്ദേശം. അസൂത്രണ ബോഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നു. ഇതില്‍ രണ്ട് തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് പേര്‍ക്ക് നിയമനം നല്കി. ഇതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതി എത്തിയപ്പോഴാണ് പിഴവ് പിഎസ്സി സമ്മതിച്ചത്പിഎസ്സിയെക്കുറിച്ച് ഒട്ടേറേ പരാതികളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലഭിക്കുന്നത്. ഫിഷറീസ് വകുപ്പിലെ എക്സ്റ്റെന്ഷന് ഓഫീസര്‍, അസിസ്റ്റന്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡിവൈഎസ്പി. (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്), സര്‍വകലാശാല പിആര്‍ഒ. തസ്തികകളിലെ തി രഞ്ഞെടുപ്പ് നടപടികളെക്കുറിച്ചാണ് പരാതികള്‍ കൂടുതലും. ഈ പരാതികളും വിജിലന്‍സ് അന്വേഷണത്തിന് കൈമാറാനാണ് ആലോചന.അതിനിടെ പിഎസ്സി പരീക്ഷാ ക്രമക്കേട് ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കുമെന്ന ഉത്തരവ് വന്നിരുന്നു. എസ് പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പരീക്ഷ കണ്ട്രോളര് നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കാനും തീരുമാനമുണ്ട്. ഇന്ന് ചേര്‍ന്ന പിഎസ്സി യോഗമാണ് തീരുമാനം എടുത്തത്. ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കിയിരുന്നില്ല. പകരം പരീക്ഷാ കണ്‍ട്രോളര്‍ക്ക് അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് വലിയ വിവാദമായി. കേസ് അട്ടിമറിക്കാന്‍ പിഎസ്സി ചെയര്മാന് രഹസ്യമായാണ് കണ്‍ട്രോളറെ അന്വേഷണം ഏല്‍പ്പിച്ചതെന്നായിരുന്നു ആരോപണം.


