അന്താരാഷ്ട ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍

ജൂണ്‍ 26 ന് അന്താരാഷ്ട ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ലൈബ്രറി, റസിഡന്‍സ് അസോസിയേഷനുകള്‍, എന്‍.ജി.ഒമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തി പരിപാടികള്‍ സംഘടിപ്പിക്കും. അന്താരാഷ്ട ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി എസ്.പി.സി, എന്‍.സി.സി, , വിവിധസംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ പങ്കെടുപ്പിച്ച് വിവിധ കേന്ദ്രങ്ങളില്‍ റാലികള്‍ നടത്തും. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഉപന്യാസരചന, ചിത്രരചന, പോസ്റ്റര്‍ രചന, കഥാരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയികള്‍ക്ക് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് പ്രോജക്ടിന്റെ ഭാഗമായി സ്കൂള്‍, കോളേജ്, ബസിലെ ജീവനക്കാരെയും പരിശോധിക്കുന്നതിന് ജില്ലാ പോലീസ് മേധാവി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം മൂലം സംഭവിക്കുന്ന സ്വഭാവമാറ്റങ്ങളെക്കുറിച്ച് അധ്യാപകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും. സ്കൂള്‍ പരിസരത്തെ കടകളില്‍ ഇവിടെ ‘ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്താന്‍ പാടില്ല’എന്നുള്ള ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. സ്കൂള്‍ പരിസരത്തുള്ള കടകളില്‍ ലഹരി വില്‍പ്പന നടത്തുന്ന കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് പ്രൊജക്ടിന്റെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ലഹരി വിരുദ്ധ ദിനാചരണ പരിപാടികളുടെ ഏകോപനവുമായി ബന്ധപ്പെട്ടും മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ്സുകളില്‍ ഉള്‍പ്പെടുന്നവരുടെ പുനരധിവാസം, ചികിത്സ, കണ്‍സിലിംഗ്, ഡി അഡിക്ഷന് ടീറ്റ്മെന്റ് എന്നിവ സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍, ജില്ലാ വനിതാസിശുവികസന ഓഫീസര്‍, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം എന്നിവരെ ചുമതലപ്പെടുത്തി. ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ ഉന്നതികള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കുകയും സ്കൂള്‍ വിദ്യര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ഐ.റ്റി.ഡി.പി ഇടുക്കി പ്രോജക്ട് ഓഫീസര്‍ എന്നിവരെയും ചുമതലപ്പെടുത്തി.



