കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ നിർണായക പരിശോധന തുടങ്ങി.

കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ നിർണായക പരിശോധന തുടങ്ങി. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധന നടത്തുകയാണ്. മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തു. സെമിത്തേരി പരിസരം പോലീസ് ക്രൈം സീൻ എന്ന് അടയാളപ്പെടുത്തി ടാഗ് കെട്ടി തിരിച്ചു. കല്ലറ ഭാഗവും തുണി കെട്ടി മറച്ചു.പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയതിലെ ദുരൂഹത നീക്കാനാണ് പരിശോധന. കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശോധന. പായയിൽ പൊതിഞ്ഞ വസ്തു മൃതദേഹം ആണെങ്കിൽ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഡിഎൻഎ പരിശോധന നടത്തിയാൽ മാത്രമേ ആരുടെ മൃതദേഹം ആണെന്നതിലും വ്യക്തത വരൂ.ജൂൺ 13നാണ് മറ്റൊരു മൃതദേഹം അടക്കം ചെയ്യാനായി കല്ലറ തുറന്നപ്പോളാണ് മൃതദേഹ സാദൃശ്യമുള്ള വസ്തുവിനെ കണ്ടതും ദുരൂഹത സംശയിക്കപ്പെട്ടതും. ആദ്യം മുതൽ ഇത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന വേണമെന്ന് ഇടവക വികാരി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നെങ്കിലും ദുരൂഹതകൾ ഒന്നും ഇല്ലെന്ന നിലപാടിലായിരുന്നു പൊലീസ്. പിന്നീട് കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ സംശയം ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയതിന്റെയും പശ്ചാത്തലത്തിലാണ് അന്വേഷണം വരുന്നത്.



