കാലടി സർവകലാശാലയിലെ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണം; പിന്തുണയുമായി മുൻ വിസിമാർ

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരത്തിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി മുൻ വിസിമാരുടെയും പ്രൊ വി സി മാരുടെയും സംയുക്ത പ്രസ്താവന. വിദ്യാർഥികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഏറെ നാളായി സമരത്തിലാണ്. സമരവുമായി ബന്ധപ്പെട്ട് 16 വിദ്യാർഥികളെ സർവകലാശാല സസ്പെന്റ് ചെയ്യുകയുണ്ടായി.പഠനവകുപ്പുകളിലെ സെമസ്റ്റർ പരീക്ഷ ഉടനെ ആരംഭിക്കുകയാണ്. കഴിഞ്ഞ 60 ദിവസമായി സസ്പെൻഷനിലായ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദേശിക്കുകയുണ്ടായി. പ്രസ്തുത നിർദേശം കണക്കിലെടുത്തും വിദ്യാർഥികളുടെ ഭാവി പരിഗണിച്ചും ആ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഡോ. ധർമ്മരാജ് അടാട്ട് (മുൻ വൈസ് ചാൻസലർ), ഡോ.എം.വി.നാരായണൻ (മുൻ വൈസ് ചാൻസലർ ), ഡോ.ജെ. പ്രസാദ് (മുൻ വൈസ് ചാൻസലർ ), ഡോ.കെ.എസ് രവികുമാർ (മുൻ പ്രൊവൈസ് ചാൻസലർ ), ഡോ.കെ.മുത്തു ലക്ഷി(മുൻ പ്രൊവൈസ് ചാൻസലർ ),ഡോ. എസ്.രാജശേഖരൻ (മുൻ പ്രോ വൈസ് ചാൻസലർ ), ഡോ. എൻ.കെ. ശങ്കരൻ (മുൻ പ്രിൻസിപ്പൽ ഡീൻ) എന്നിവരാണ് പ്രസ്താവനയിറക്കിയത്.



