ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തിൽ കൂട്ടണം, സുരക്ഷാവീഴ്ചയിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട് ജയിലുകളിലെ സുരക്ഷാവീഴ്ചയിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. മുൻ ഡിജിപി ജെ കെ തൃപാഠിയാണ് അധ്യക്ഷൻ. ജയിൽ ചാട്ടത്തിന്‍റെ കാരണങ്ങൾ കണ്ടെത്തുകയാണ് സുപ്രധാന ദൗത്യം. സുരക്ഷ വർധിപ്പിക്കാൻ നടപടികൾ നിർദേശിക്കണം. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച മാതൃകകൾ പരിശോധിച്ച് ശുപാർശ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തിൽ കൂട്ടാനും വീഴ്ച വരുത്തുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശമുണ്ട്തേനി ജയിൽ ചാട്ടത്തിന്‍റെ പശ്ചാത്തലത്തിൽ ആണ് സമിതി രൂപീകരണം. തേനിയിൽ നിന്ന് ജയിൽ ചാടിയ മുഴുവൻ തടവുകാരെയും രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ പൊലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന തിരുപ്പതി, മീനാക്ഷിസുന്ദരം എന്നിവരെയാണ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്തത്. നേരത്തേ റെജിൻ, പൊൻമുത്തു സെൽവം എന്നിവരുൾപ്പെടെയുള്ളവരെയും പൊലീസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ വാർഡൻമാരെ ആക്രമിച്ചാണ് തടവുകാർ ജയിൽ ചാടിയത്. ചൊവ്വാഴ്ച രാവിലെ അഞ്ചുപേരെയും പിന്നീട് പകൽ സമയത്ത് എട്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു. ജയിലിന് പിൻഭാഗത്തുള്ള അമച്ചിയാപുരം വനമേഖലയിൽ നിന്നാണ് പൊലീസ് പത്തു പേരെ കണ്ടെത്തിയത്.



