ചെറിയൊരു അപകടമാണ് സംഭവിച്ചത്, എല്ലാവരും സുരക്ഷിതരാണ്’;വിശദീകരണവുമായി എ ആര് റഹ്മാൻ്റെ മകന് എ ആര് അമീന്

ചെന്നൈ: ചെന്നൈയിലുണ്ടായ വാഹനാപകടത്തെക്കുറിച്ച് വിശദീകരണവുമായി സംഗീത സംവിധായകന് എ ആര് റഹ്മാന്റെ മകന് എ ആര് അമീന്. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ പിന്നണി ഗായകനായ അമീന് നിസ്സാര പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെയാണ് അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അമീന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സഹോദരന് ഉള്‍പ്പെട്ട അപകടത്തെക്കുറിച്ച് റഹ്മാന്റെ മകള്‍ ഖദീജയും സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്വാഹനം ഓടിച്ചത് അമീന് അല്ലെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. ‘എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴി സുഹൃത്തിന്റെ കാറിലെ പാസഞ്ചര്‍ സീറ്റിലായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. ചെറിയൊരു അപകടമാണ് സംഭവിച്ചത്. ദൈവകൃപയാല്‍ അപകടത്തില്‍പ്പെട്ട എല്ലാവരും സുരക്ഷിതരാണ്. ഞങ്ങളെ സംരക്ഷിച്ചതിന് സര്വശക്തന് നന്ദി പറയുന്നു,’ എന്നാണ് അമീന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മറ്റൊരു വാഹനം സിഗ്നല്‍ തെറ്റിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഖദീജ റഹ്മാനും വ്യക്തമാക്കി. അമീനും സുഹൃത്തും എതിര്‍വാഹനത്തിലുണ്ടായിരുന്ന ആളും സുരക്ഷിതരാണെന്നും അനാവശ്യ ആശങ്കകള്‍ ഒഴിവാക്കാന്‍ വസ്തുതകള്‍ ഉറപ്പുവരുത്തിയ ശേഷം മാത്രം വാര്‍ത്തകള്‍ നല്‍കണമെന്നും ഖദീജ പറഞ്ഞു.തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്ളൈ ഓവറിന് സമീപം അമീന് സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. കോയമ്പേട്ടില്‍ നിന്ന് ചെന്നൈയിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ അമീനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു.



