തമിഴ്നാട്ടില്‍ എല്‍&ടിയുടെ ഡാറ്റാ സെന്ററും കപ്പല്‍ നിര്‍മ്മാണ കേന്ദ്രവും വരുന്നു

തമിഴ്നാട്ടില്‍ മൂന്ന് പ്രധാന പദ്ധതികള്‍ ആരംഭിക്കാന്‍ തയ്യാറെടുത്ത് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ. 18,600 കോടി രൂപയുടെ നിക്ഷേപമുള്ള മൂന്ന് പദ്ധതികള്‍ക്കായി തമിഴ്നാട് സര്‍ക്കാരും ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയും(L&T) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഈ പദ്ധതികളിലൂടെ ഏകദേശം 8,200 പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.ഡാറ്റാ സെന്റര്‍, ഇലക്ട്രോണിക്സ് നിര്‍മ്മാണം, കപ്പല്‍നിര്‍മാണം എന്നീ മേഖലകളില്‍ പദ്ധതികള്‍ സ്ഥാപിക്കാനുള്ള L&Tയുടെ നിര്‍ദേശത്തെ മുഖ്യമന്ത്രി സി ജോസഫ് വിജയ് സ്വാഗതം ചെയ്തു. ഈ നിക്ഷേപങ്ങള്‍ തമിഴ്നാട്ടിനെ ഇന്ത്യയിലെ പ്രമുഖ വ്യവസായ കേന്ദ്രങ്ങളിലൊന്നായി കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലെ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും സഹകരണവും ഉറപ്പുനല്‍കിയതായും പത്രക്കുറിപ്പില്‍ പറയുന്നു.കരാര്‍ പ്രകാരമുള്ള മൂന്ന് പ്രധാന പദ്ധതികള്കാഞ്ചീപുരം ജില്ലയിലെ ഡാറ്റാ സെന്റര്‍ വിപുലീകരണ പദ്ധതിക്കായി 15,000 കോടി രൂപയാണ് നിക്ഷേപിക്കുക. ഇതില്‍ നിന്ന് മാത്രം 500 പേര്‍ക്ക് തൊഴിലവസരങ്ങള്‍ തുറന്നു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോയമ്പത്തൂരില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഇലക്ട്രോണിക്സ് & ഇലക്ട്രോണിക് സിസ്റ്റംസ് നിര്‍മ്മാണ പദ്ധതിയാണ് രണ്ടാമത്തേത്. ഇതിനായി മാത്രം 2,500 കോടി നിക്ഷേപിക്കും. ഏകദേശം 2,000 പേര്‍ക്കാണ് പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുക. തിരുവള്ളൂര്‍ ജില്ലയിലെ കാട്ടുപള്ളിയിലെ L&T കപ്പല്‍നിര്‍മാണ കേന്ദ്രത്തിന്റെ വികസനത്തിനായും 1,100 കോടി രൂപ നിക്ഷേപിക്കും. ഏകദേശം 5,700 പേര്‍ക്കുള്ള തൊഴില്‍ അവസരം ഇവിടെ സൃഷ്ടിക്കപ്പെടും.2036 ഓടെ തമിഴ്നാട്ടിനെ 1.5 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞു. ഈ നിക്ഷേപങ്ങള്‍ സംസ്ഥാനത്തിന്റെ വൈവിധ്യമാര്‍ന്ന വ്യവസായ പരിസ്ഥിതിയെ ശക്തിപ്പെടുത്തുകയും, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളെ വളര്‍ത്തുകയും ചെയ്യുമെന്നാണ് കരുതുന്നത്.എഐയുമായി അനുബന്ധിച്ചുള്ള പ്രയോഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും, ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖലയെ ഇത് കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യുമെന്ന് കരുതുന്നു. തമിഴ്നാട്ടിലെ യുവാക്കള്‍ക്ക് വന്‍തോതില്‍ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വ്യവസായ മേഖലയിലെ ആദ്യ കരാറാണിത്.



