dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ പാർക്കിങ് കൊള്ള; ഫീസ് കുത്തനെ കൂട്ടി, സമരത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ പാര്‍ക്കിങ് കൊള്ളയെന്ന് പരാതി. വിമാനത്താവളം നടത്തിപ്പ് കമ്പനിയായ അദാനിയാണ് വന്‍ തുക ഈടാക്കുന്നത്. ഈ മാസം ഒന്നുമുതലാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്തിയത്. ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ടാക്‌സി വാഹനങ്ങളുടെ എന്‍ട്രി ഫീസ് വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്നും തൊഴിലാളികള്‍ക്കുള്ള പാര്‍ക്കിങ് ഫീസ് ഒഴിവാക്കണമെന്നും ആവശ്യമുന്നയിച്ചാണ് സമരം. വാഹനങ്ങളുടെ പ്രവേശനത്തിനുള്ള സൗജന്യ സമയപരിധി 15 മിനിറ്റ് ആയി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു.ഒക്ടോബര്‍ ഒന്നു മുതലുള്ള പുതുക്കിയ പാര്‍ക്കിങ് ഫീസനുസരിച്ച് ഇരുചക്ര വാഹനങ്ങള്‍ക്ക് അരമണിക്കൂറുവരെ 50 രൂപയും ഒരുമണിക്കൂറിന് 100 രൂപയുമാണ് ഈടാക്കുന്നത്. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതം നല്‍കണം. 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് 300 രൂപയാണ് ഫീസായി ഈടാക്കുക. ഓട്ടോറിക്ഷയ്ക്കും മുചക്ര വാഹനങ്ങള്‍ക്കും എട്ട് മിനിട്ടുവരെ 50 രൂപയാണ് വാങ്ങുക. അരമണിക്കൂറിന് 80 രൂപയും ഒരു മണിക്കൂറിന് 100 രൂപയും ഈടാക്കാനാണ് തീരുമാനമായത്. തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും 150, 200, 250 എന്നിങ്ങനെയും നല്‍കണം. ഒരു ദിവസത്തെ പാര്‍ക്കിങ്ങിന് 500 രൂപയുമാണ് വാങ്ങുക. നാലുചക്രവാഹനങ്ങള്‍ക്ക് അരമണിക്കൂറിന് 150 രൂപയും ഒരുമണിക്കൂറിന് 200 രൂപയും നല്‍കണം. ഓരോ മണിക്കൂറിനും 100 രൂപയും 24 മണിക്കൂറിന് 1000 രൂപയും നല്‍കാനുമാണ് പുതുക്കിയ നിര്‍ദേശം. സ്വകാര്യ നാലുചക്രവാഹനങ്ങള്‍ക്ക് ആദ്യത്തെ എട്ട് മിനിട്ട് സൗജന്യമാണ്.ടെമ്പോ, കാരവന്‍, മിനിബസ്, ബസ്, കോച്ച്, ട്രക്ക് എന്നിവയ്ക്ക് എട്ടുമിനിട്ടുമുതല്‍ അരമണിക്കൂര്‍ വരെ 600 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 200 രൂപ അധികമായി നല്‍കണം. 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് ഇത്തരം വാഹനങ്ങളില്‍ നിന്ന് 3000 രൂപയുമാണ് നല്‍കേണ്ടത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര- ആഭ്യന്തര ടെര്‍മിനലുകളില്‍ ജോലിയെടുക്കുന്ന വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്കും താങ്ങാനാവാത്ത തരത്തിലുള്ള പാര്‍ക്കിങ് ഫീസാണ് ഏര്‍പ്പെടുത്തിയത്. അദാനിയുടെ ചുമതലയിലുള്ള എല്ലാ വിമാനത്താവളങ്ങളിലും പാര്‍ക്കിങ് ഫീസും എന്‍ട്രി ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും നിരക്ക് കൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button