ദേശീയപാതയിൽ വീണ്ടും അനധികൃത റേഷൻ പിടികൂടി; അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: ദേശീയപാതയിൽ വീണ്ടും അനധികൃത റേഷൻ പിടികൂടി. പാറശാല സ്വദേശിയുടെ പേരിൽ വന്ന ലോഡാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ തമിഴ്നാട് റേഷൻ അരിയാണെന്ന് സിവിൽ സപ്ലൈസ് കണ്ടെത്തി.ആഷിയ ട്രേഡിംഗ് കമ്പനിയുടെ അരിയാണ് പൊലീസ് പിടികൂടിയത്. ദേശീയപാത വഴി എറണാകുളം കാലടി മില്ലിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഷഹബാസ് എന്ന പേരിലുളള ലോറിയിലാണ് 240 ചാക്ക് അരി കയറ്റി വന്നത്. പരിശോധനയ്ക്കായി അരിയുടെ സാമ്പിൾ അധികൃതർ ശേഖരിച്ചു. ക്വാളിറ്റി കൺട്രോളർ അരി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.അനധികൃത അരി കടത്തലിൽ മറുപടിയുമായി മന്ത്രി അനൂപ് ജേക്കബ് രംഗത്തെത്തി. അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കും. സിവിൽ സപ്ലൈസ് വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷണത്തിനായി പ്രത്യേക സ്കോഡ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.



