പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സീറ്റുകൾ കുറവുള്ള വടക്കൻ ജില്ലകളിൽ അധിക സീറ്റുകൾ അനുവദിക്കും

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം. അധിക സീറ്റുകൾ അനുവദിക്കും. സീറ്റുകൾ കുറവുള്ള വടക്കൻ ജില്ലകളിലാണ് സീറ്റുകൾ അനുവദിച്ചത്. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഈ അധ്യയന വർഷം അധിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു.പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് പ്രധാനമായും സീറ്റുകളുടെ കുറവുള്ളത്. ഈ ജില്ലകളിൽ ആവശ്യാനുസരണം താൽക്കാലിക ബാച്ചുകൾ ഉൾപ്പെടെ അനുവദിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ പ്രവേശന നടപടികൾ പൂർത്തിയായ ശേഷം പ്ലസ് വൺ ഏകജാലക പ്രവേശന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.നിലവിൽ ഒരു ജില്ലയിൽ നിന്ന് ജയിക്കുന്ന മുഴുവൻ കുട്ടികൾക്കും അതേ ജില്ലയിൽ തന്നെ പ്ലസ് വൺ സീറ്റ് ലഭ്യമാക്കുന്നതിൽ ചില അപര്യാപ്തതകൾ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി സമ്മതിച്ചു. ഇത് സംസ്ഥാനത്തെ പൊതുവായ സാഹചര്യമല്ലെന്നും ചില പ്രത്യേക ജില്ലകളിൽ മാത്രമാണ് കുട്ടികൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് സീറ്റുകൾ ലഭിക്കാത്ത അവസ്ഥയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാതലത്തിലും താലൂക്ക് തലത്തിലുമുള്ള സീറ്റുകളുടെ ലഭ്യത പരിശോധിച്ചാണ് പുതിയ ബാച്ചുകൾ സംബന്ധിച്ച തീരുമാനമെടുക്കുക. അതേസമയം, സംസ്ഥാനത്തെ അൺ-എയ്ഡഡ് മേഖലയിലുള്ള ഭൂരിഭാഗം സീറ്റുകളും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണെന്നും മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകുമെന്നും മന്ത്രി സഭയിൽ അറിയിച്ചു.



