മൂന്ന് സുപ്രധാന നിയമനം നടത്തി കോക്രോച്ച് ജനത പാർട്ടി’; നിലപാടുകൾ അറിയിക്കാൻ വക്താക്കളെ നിയമിച്ചു

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ബുധനാഴ്ച, പൊതുജനങ്ങളോടും മാധ്യമങ്ങളോടും പ്രസ്ഥാനത്തിനുവേണ്ടി സംസാരിക്കാൻ മൂന്ന് വക്താക്കളെ നിയമിച്ചതായി പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തകൻ സൗരവ് ദാസ് മുഖ്യ വക്താവായി ചുമതലയേൽക്കും. എഴുത്തുകാരിയും ചലച്ചിത്ര നിർമ്മാതാവുമായ വിജേത ദഹിയ, ഐഐടി കാൺപൂരിലെയും കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസിയിലെ പൂർവ്വ വിദ്യാർത്ഥിനിയായ അശുതോഷ് റാങ്ക എന്നിവരും വക്താക്കളാകും. സിജെപി എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.സോഷ്യൽ മീഡിയ തരംഗമായ, അഭിജീത് ദിപ്കെ രൂപീകരിച്ച സംഘടന ജൂൺ ആറിനാണ് ജന്തർ മന്തറിൽ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി പാർട്ടിയുടെ നിലപാടുകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായാണ് വ്യത്യസ്ത മേഖലകളിൽ പ്രഗത്ഭരായ മൂന്ന് പേരെ വക്താക്കളായി നിയമിച്ചിരിക്കുന്നത്.ജൂൺ 6-ന് അഭിജീത് ദിപ്കെ ഇന്ത്യയിൽ തിരിച്ചെത്തുന്നതോടെ ദില്ലിയിൽ സമാധാനപരമായ പ്രതിഷേധ പരിപാടികൾക്ക് തുടക്കമാകും. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, സിബിഎസ്ഇ സിസ്റ്റത്തിലെ പാളിച്ചകൾ എന്നിവയ്ക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ ചർച്ചകളുടെ സ്വഭാവം മാറ്റിയെഴുതാൻ പുതിയ തലമുറയിലെ നേതാക്കൾക്ക് കഴിയുമെന്ന് നിയമനങ്ങൾക്ക് പിന്നാലെ സംഘടന വ്യക്തമാക്കി.



