ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് ക്രമക്കേട്; വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ് ക്രമക്കേടില്‍ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി. സംഭവത്തില്‍ വാങ്ങിയ നെയ്യുടെ ഒരു സാമ്പിള്‍ പോലും പരിശോധിച്ചില്ലെന്നും 1,65,000 ലിറ്റര്‍ നെയ്യ് വാങ്ങുമ്പോള്‍ ശാസ്ത്രീയമായ ഒരു പരിശോധനയും ഉണ്ടായിട്ടില്ലെന്നുമാണ് ഹൈക്കോടതിയുടെ വിമര്‍ശനം.ഗുണനിലവാരം മനസ്സിലാക്കാതെ എങ്ങനെയാണ് നെയ്യ് വാങ്ങാന്‍ പോയതെന്നും അന്നേ ദിവസം കമ്മീഷണറുടെ രേഖാമൂലമുള്ള എതിര്‍പ്പ് അറിയിച്ചിരുന്നിട്ടും അത് മറികടന്ന് മില്‍മയില്‍ നിന്നും നെയ്യ് വാങ്ങാനുള്ള തീരുമാനത്തേയും ഹൈക്കോടതി ചോദ്യം ചെയ്തു. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തില്‍ വേണ്ടതെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് പറഞ്ഞു.ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ് എത്തിക്കാന്‍ മില്‍മ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാര്‍ സഹായിച്ചുവെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ദേവസ്വം ബോര്‍ഡില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പദവി വഹിച്ചയാളാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തിയത്. മില്‍മ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന പ്രാഥമിക നിഗമനത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിലാണ് ഒന്നരലക്ഷത്തിലേറെ ലിറ്റര്‍ മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്തതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് കണ്ടെത്തുന്നത്.ഗുണനിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചതിലെ സാമ്പത്തിക നഷ്ടം അന്വേഷിക്കാന്‍ ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷീബ ഖമറിന്റെ നേതൃത്വത്തില്‍ നാലംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി ദേവസ്വം സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേയ്ക്കുള്ള മില്‍മയുടെ നെയ്യ് വിതരണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മില്‍മയ്ക്ക് 85 ലക്ഷം രൂപയ്ക്കുമേല്‍ നഷ്ടമുണ്ടായതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.



