സംസ്ഥാനത്ത് പൊലീസിന്റെ വ്യാപക പരിശോധന; നിയമലംഘനം കണ്ടെത്തിയ 32,385 വാഹനങ്ങൾക്ക് പിഴ ചുമത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന്റെ വ്യാപക വാഹന പരിശോധന. നിയമലംഘനം കണ്ടെത്തിയ 32,385 വാഹനങ്ങൾക്ക് പിഴ ചുമത്തി. പിഴ തുകയായി ലഭിച്ചത് ഒരു കോടി 8 ലക്ഷം രൂപ. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. 2026 സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 15 വരെ ഏഴ് ദിവസം നീണ്ട പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.സംസ്ഥാന പാതകളില്‍ 8,764, ദേശീയ പാതകളില്‍ 8,441, മറ്റ് പാതകളില്‍ 15,180 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അപകടസാധ്യത കൂടിയ മേഖലകള്‍, വാഹന സാന്ദ്രതകൂടിയ പാതകള്‍, പ്രധാനപ്പെട്ട ജംഗ്ഷനുകള്‍, സര്‍വ്വീസ് റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടന്നത്.സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനധികൃത പാര്‍ക്കിംഗ് ഗതാഗതക്കുരുക്കിന് മാത്രമല്ല പലപ്പോഴും ദേശീയപാതകളില്‍ നടക്കുന്ന അപകടങ്ങളില്‍പ്പെടുന്നവരെ കൃത്യസമയത്ത് അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കുന്നതിനും ഭീഷണിയാകാറുണ്ട്.ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഐ.ജിയുടെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു.



