കാലടി സർവകലാശാലയിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി: മഹാരാജാസ് കോളജിൽ മന്ത്രി റോജി എം ജോണിനെതിരെ SFI പ്രതിഷേധം

എറണാകുളം: മഹാരാജാസ് കോളജിൽ മന്ത്രി റോജി എം ജോണിനെതിരെ എസ്എഫ്ഐ പ്രതിഷേധം. മന്ത്രിയുടെ പ്രസംഗത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ ബാനർ ഉയർത്തി. കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിലാണ് പ്രതിഷേധം. ഗുണ്ടായിസം കാണിച്ച് വിദ്യാർഥി പ്രസ്ഥാനം വളർത്താം എന്ന് വിചാരിച്ചാൽ നടക്കില്ലെന്ന് മന്ത്രി റോജി എം ജോൺ. കാലടിയിൽ നടന്നത് അക്രമം, സർക്കാർ അതിനോട് യോജിക്കില്ലെന്നും റോജി എം ജോൺ പ്രതികരിച്ചു.ഒരു പരിപാടി നടക്കുന്നതിനിടെ അത് തടസപ്പെടുത്താൻ ശ്രമിക്കരുതെന്നും അത് കഴിഞ്ഞിട്ട് സംസാരിക്കാമെന്നും മന്ത്രി എസ്എഫ്ഐ പ്രവർത്തകരോട് പറഞ്ഞിരുന്നു. കാലടി സർവകാശാലയിൽ സിൻഡിക്കേറ്റ് യോഗം പോലും നടത്താൻ കഴിയാത്ത സാഹചര്യമാണ് സമരം എന്നതിന്റെ പേരിൽ നടന്നതെന്ന് മന്ത്രി പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധത്തെ സർക്കാർ അംഗീകരിക്കും. സമരത്തിന്റെ പേരിൽ അക്രമം നടത്തിയാൽ ഏത് സംഘടനയായാലും അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.ബിരുദദാന ചടങ്ങിനായാണ് മന്ത്രി മഹാരാജാസിൽ എത്തിയത്. കാലടി സർവകലാശാലയിൽ 16 വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഇക്കര്യത്തിൽ മന്ത്രി മറുപടി പറയണമെന്നായിരുന്നു എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടത്. പരിപാടി തടസപ്പെടുത്തരുതെന്ന് മന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും എസ്എഫ്ഐ പ്രവർത്തകർ അത് അംഗീകരിച്ചില്ല.



