dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഞങ്ങളെ നിര്‍ഭയരാക്കിയതിന് നന്ദി, മക്കളെ നിങ്ങളെപ്പോലെ വളർത്താനാണ് ആഗ്രഹം; സിജെപിയ്ക്ക് നന്ദി പറഞ്ഞ് ജ്യോതിക

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയ്ക്ക് പിന്തുണയുമായി കലാ, സാംസ്‌കാരിക രംഗത്തെ കൂടുതല്‍ പേര്‍ രംഗത്ത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് നടി ജ്യോതിക ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ ഭാവിയ്ക്കുമൊപ്പമാണ് താന്‍ എന്നാണ് ജ്യോതിക പറഞ്ഞത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി സിജെപിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.’ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം. ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ ഭാവിയ്ക്കുമൊപ്പം ഉത്തരവാദിത്തത്തോടെ നിലകൊളളുന്നു. ജനാധിപത്യ ഇന്ത്യയ്ക്കായി. മികച്ച പരിഷ്‌കൃത വിദ്യാഭ്യാസത്തിനായി. സോനം വാങ്ചുക്ക്, അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, അമ്മമാരെന്ന നിലയില്‍, നിങ്ങളെപ്പോലെ ഞങ്ങളുടെ മക്കളെ വളര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ‘നമ്മള്‍’ ആണ് ഇന്ത്യ എന്ന് നിങ്ങള്‍ തെളിയിച്ചു. സമ്മര്‍ദ്ദങ്ങളെ തകര്‍ത്തതിന് നന്ദി. ഞങ്ങളെ നിര്‍ഭയരാക്കിയതിനും. ജയ്ഹിന്ദ്’: ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധം നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും ഭയപ്പെടുത്തിയെന്നത് വ്യക്തമാണ് എന്നാണ് മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ് പ്രതികരിച്ചത്. ‘ജെന്‍സികളെ അഭിസംബോധന ചെയ്ത് 24 മണിക്കൂറിനുളളില്‍ തന്നെ നരേന്ദ്രമോദി വീണ്ടും ഒരു വീഡിയോ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരിക്കുന്നു. ഭയവും ഉത്കണ്ഠയുമെല്ലാം പ്രകടമാണ്. 12 വര്‍ഷത്തെ പ്രധാനമന്ത്രി പദവിയില്‍ ഇത് അഭൂതപൂര്‍വ്വമായ സംഭവമാണ്’:എന്നാണ് റാണാ അയ്യൂബ് പറഞ്ഞത്.ന്യായീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളെപ്പോലും ന്യായീകരിക്കാന്‍ ചിലര്‍ കഷ്ടപ്പെടുകയാണെന്ന് മേതില്‍ ദേവിക പ്രതികരിച്ചു. തെറ്റിനെ തെറ്റാണെന്ന് തുറന്ന് പറയാനുളള ധൈര്യം കാണിക്കണമെന്നും ഏതെങ്കിലുമൊരു സംവിധാനത്തെ പിന്തുണയ്ക്കുന്ന ആളായാലും അല്ലെങ്കിലും അതിലെ തെറ്റുകളെ ചോദ്യംചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്നും മേതില്‍ ദേവിക പറഞ്ഞു. ധൈര്യത്തോടെ സംസാരിക്കുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയാണെന്നും എല്ലാവരെയും ഒരുപോലെ സുഖിപ്പിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ മിണ്ടാതിരിക്കുന്നതാണ് കൂടുതല്‍ നല്ലതെന്നും മേതില്‍ ദേവിക കൂട്ടിച്ചേർത്തു.അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരം ശക്തമായി തുടരുകയാണ്. സിജെപി പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്നും ചര്‍ച്ച നടത്തും. ഇന്ന് മൂന്നരയ്ക്കാണ് ചര്‍ച്ച. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിജെപി. തീരുമാനമായില്ലെങ്കില്‍ രാജ്യവ്യാപകമായി സമരം നടത്തുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ജെ പി നദ്ദയുമായി സിജെപി പ്രതിനിധികളായ സൗരവ് ദൗസ്, അശുതോഷ് റാങ്ക എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ രണ്ട് ആവശ്യങ്ങളോടായിരുന്നു സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചത്. ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി നഷ്ടപരിഹാരം, പ്രതിഷേധക്കാര്‍ക്കെതിരെ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങളാണ് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button