dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നയരാഹിത്യ പ്രഖ്യാപനം; പറയേണ്ടകാര്യങ്ങളൊന്നും പറഞ്ഞില്ല; കേന്ദ്രത്തിനെതിരെ മൗനം; കാത്തിരുന്ന് കാണാം’ പിണറായി വിജയൻ

തിരുവനന്തപുരം: നയരാഹിത്യ പ്രഖ്യാപനമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഇന്ന് നിയമസഭയില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പറയേണ്ടത് പറഞ്ഞിട്ടില്ല. കുറേ കാര്യങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ചോദിച്ചു വാങ്ങേണ്ടതുണ്ട്. അവയെക്കുറിച്ചെല്ലാം മൗനം പാലിച്ചു. ഇത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായ കാര്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. കേരളത്തിന്റെ സമഗ്രമായ വികസനത്തിന്റെ ബ്ലൂപ്രിന്റ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ്. അത് എങ്ങനെയൊക്കെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നതിനെക്കുറിച്ച് സൂചനപോലുമില്ല. പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ച് പരാമര്‍ശമേ ഇല്ല. സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതി റിസര്‍വ് ബാങ്ക് തന്നെ അംഗീകരിച്ച കണക്ക് അനുസരിച്ചത് 5429 കോടി രൂപ ഖജനാവില്‍ നീക്കിയിരിപ്പ് വെച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിയത്. അത് മറച്ചുവെച്ച് ശരിയല്ലാത്ത നെറേറ്റീവ് സൃഷ്ടിക്കാനുള്ള ശ്രമമായി നയപ്രഖ്യാപനത്തെ കാണണം എന്നും പിണറായി വിജയന്‍ പറഞ്ഞു.സാമ്പത്തിക ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നുവെന്നും പ്രതിപക്ഷം വിമർശിച്ചു. കേരളത്തെ പുതുയുഗത്തിലേക്ക് ആനയിക്കുന്നതിനെക്കുറിച്ച് പറയുന്നു. എന്നാല്‍ അതിനുള്ള സാമൂഹിക-സാമ്പത്തിക റൂട്ട് മാപ്പ് പ്രഖ്യാപനത്തില്‍ ഇല്ല. എങ്ങനെ ലക്ഷ്യം സാധ്യമാവും എന്നത് അവ്യക്തമാണ്. പ്രതീക്ഷിച്ച രീതിയിലുള്ള നയപ്രഖ്യാപനം അല്ല നടന്നത്. നാടിന്റെ മുഖച്ഛായ മാറ്റിയ കിഫ്ബിയെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചും മൗനം എന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം മറികടക്കാനുള്ള ഒന്നും നയപ്രഖ്യാപനത്തിൽ ഇല്ല. മോദിയുടെ ബ്ലൂ ഇക്കണോമിയാണോ പിന്തുടരുക എന്നതിലും വ്യക്തതയില്ല. സംസ്ഥാനത്തിന്റെ പൊതുകടം അഞ്ചുവര്‍ഷം കൊണ്ട് അഞ്ച് ശതമാനത്തിലധികം കുറഞ്ഞു. തൊഴിലുറപ്പ് അട്ടിമറിക്കപ്പെട്ട നിലയില്‍ നില്‍ക്കുകയാണ്. അക്കാര്യത്തെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ പരാമര്‍ശമില്ല. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ അടുത്തഘട്ടത്തെക്കുറിച്ചും പരാമര്‍ശമില്ല. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ച് പേരിന് പോലും പരാമര്‍ശമില്ല. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ധവളപത്രം വരുമ്പോള്‍ കൂടുതല്‍ പറയാം എന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.സാമ്പത്തിക വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കേരളത്തിന്റെ ഖജനാവിന് കഴിയും. അത്തരമൊരു ഖജനാവാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈമാറിയത്. ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ വികസന പദ്ധതികള്‍ എല്‍ഡിഎഫ് നടത്തി. അതിന്റെയൊന്നും തുടര്‍ച്ച നയപ്രഖ്യാപനത്തില്‍ ഇല്ല. കഠിനമായ എതിര്‍പ്പ് ആദ്യം രേഖപ്പെടുത്തുന്നില്ല. കാത്തിരുന്ന് കാണാം. ജനക്ഷേമത്തിന് മൂന്‍തൂക്കം നല്‍കുന്ന ഏത് പരിപാടിക്കും പിന്തുണ നല്‍കും. നാടിന്റെ താല്പര്യത്തിന് എതിരായി വരുന്ന കാര്യങ്ങളെ എതിര്‍ക്കും. നയപ്രഖ്യാപനം ഉദ്ദേശിച്ച രീതിയിലായില്ല എന്നതുകൊണ്ട് ഇത്രയും പറഞ്ഞു. കേന്ദ്രവുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. സാമ്പത്തിക ഫെഡറലിസത്തില്‍ കേന്ദ്രം കത്തിവെച്ചതാണ്. ഫെഡറലിസം അംഗീകരിക്കുന്ന നിലപാടല്ല കേന്ദ്രത്തിന്റേത്. അക്കാര്യത്തിലുള്ള നിലപാട് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കണമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button