നിയമസഭയില്‍ വന്ദേമാതരം മുഴുവൻ പാടിയില്ല, ലോക്ഭവൻ്റെ നിർദേശം ലംഘിച്ചു: അതൃപ്തി അറിയിച്ച് ഗവർണറും ബിജെപിയും

തിരുവനന്തപുരം: വി ഡി സതീശന് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിക്കാത്തതില്‍ വിമർശനവുമായി ഗവർണർ രാജേന്ദ്ര അർലേക്കറും ബിജെപിയും. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്‍സയുടെ ബാന്റ് വാദ്യം മാത്രമാണ് കേരള പൊലീസ് വായിച്ചത്. സഭയിൽ വന്ദേമാതരം മുഴുവൻ പാടണമെന്ന ലോക്ഭവന്റെ നിര്‍ദേശം സർക്കാർ തള്ളിയെന്ന് കാട്ടി പരസ്യമായി അതൃപ്തി അറിയിച്ചിരിക്കുകയാണ് ഗവർണർ. സഭയിൽ വന്ദേമാതരം മുഴുവൻ പാടണമെന്ന നിർദേശത്തിൽ സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ രൂക്ഷവിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടണമെന്ന പ്രോട്ടോകോൾ സർക്കാർ പാലിച്ചില്ല. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.സതീശൻ ജമാ അത്തെ ഇസ്ലാമിക്കും CPIM നും വഴങ്ങിയെന്നും വന്ദേമാതരത്തോട് എന്നുമുതലാണ് അയിത്തം തുടങ്ങിയെന്നും വി മുരളീധരൻ എംഎൽഎ ചോദിച്ചു. സതീശന്റെ പ്രവർത്തനം ജമാഅത്തെ ഇസ്ലാമിയുടെ നിർദേശത്തിനനുസരിച്ചാണെന്നും വന്ദേമാതരം മത നിരപേക്ഷതക്ക് ചേർന്നതല്ലെന്ന് തോന്നിയത് എപ്പോഴാണെന്നും വി മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കവെ ചോദിച്ചു



