പൊതു പരിപാടികള്‍ വന്ദേമാതരത്തോടെ ആരംഭിക്കണമെന്നില്ല; ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കാമെന്ന് മദ്രാസ് കോടതി

ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ പരിപാടികളില്‍ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കുന്നതിന് തടസ്സമില്ലെന്ന് മദ്രാസ് ഹൈക്കോടതി. വന്ദേമാതരം ആദ്യം ആലപിക്കണമെന്ന ഗവര്‍ണറുടെ ആവശ്യത്തിനെതിരെ നൽകിയ പൊതുതാൽപ്പര്യ ഹര്‍ജിയിലാണ് വിധി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സര്‍ക്കുലറില്‍ സംസ്ഥാന ഗാനം പിന്നീട് ആലപിക്കണമെന്ന നിര്‍ദേശം നല്‍കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.തമിഴ്നാട്ടിലെ സര്‍ക്കാര്‍ പരിപാടികള്‍ തമിഴ് തായ് വാഴ്ത്തോടെ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിനി അനന്യ രാധാകൃഷ്ണന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. പരിപാടികള്‍ വന്ദേമാതരത്തോടെ ആരംഭിക്കണമെന്ന് നിര്‍ദേശിക്കുന്ന ജനുവരി 28ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ റദ്ദാക്കണമെന്നും പരാതിക്കാരി അവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന് ജൂലൈ 9ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വന്ദേമാതരവും ദേശീയഗാനവും തുടര്‍ച്ചയായി ആലപിക്കണമെന്നും വന്ദേമാതരം ദേശീയഗാനത്തിന് മുമ്പാകെ ആയിരിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.തമിഴ് തായ് വാഴ്ത്ത് തമിഴ്നാട്ടില്‍ രാഷ്ട്രീയമായി ഏറെ വൈകാരികമായ വിഷയമാണ്. സര്‍ക്കാര്‍ പരിപാടികള്‍ പരമ്പരാഗതമായി തമിഴ് തായ് വാഴ്ത്തോടെയാണ് ആരംഭിച്ചുവരുന്നത്. മുന്‍ ഗവര്‍ണര്‍ ആര് എന്‍ രവി തമിഴ്നാട് നിയമസഭയില്‍ തന്റെ പതിവ് പ്രസംഗത്തിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിവാദം ശക്തമായത്. എന്നാല്‍ അന്നത്തെ ഡിഎംകെ സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചില്ല.മുഖ്യമന്ത്രി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും വിഷയം വീണ്ടും ഉയര്‍ന്നു. അവിടെ ആദ്യം വന്ദേ മാതരം, തുടര്‍ന്ന് ദേശീയഗാനം, മൂന്നാമതായി തമിഴ് തായ് വാഴ്ത്ത് എന്ന ക്രമത്തിലാണ് ഗാനങ്ങള്‍ ആലപിച്ചത്. ഇതിന് ലോക്ഭവനെ കുറ്റപ്പെടുത്തിയ പുതിയ സര്‍ക്കാര്‍ ഇനി സര്‍ക്കാര്‍ പരിപാടികളില്‍ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു.ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പങ്കെടുത്ത സര്‍വകലാശാല ബിരുദദാന ചടങ്ങുകളിലും ഗാനങ്ങളുടെ ക്രമത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായി. ലോക്ഭവന് വന്ദേ മാതരവും ദേശീയഗാനവും തമിഴ് തായ് വാഴ്ത്തിന് മുമ്പായി ആലപിക്കുന്നുവെന്ന് ഉറപ്പാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി പി വിശ്വനാഥന് രണ്ട് പരിപാടികള്‍ ബഹിഷ്കരിച്ചിരുന്നു. മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങും ഇതില്‍ ഉള്‍പ്പെടുന്നു. തമിഴ് തായ് വാഴ്ത്ത് രചിച്ച കവിയുടെ പേരിലുള്ള സര്‍വകലാശാലയാണിത്.സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പരിപാടികളില്‍ തമിഴ് തായ് വാഴ്ത്ത് ആദ്യഗാനമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ അടുത്തിടെ പ്രമേയവും പാസാക്കിയിരുന്നു. വാദങ്ങള്‍ കേട്ട ശേഷം ഹര്‍ജിയില്‍ കോടതി ഉത്തരവ് പിന്നീട് പുറപ്പെടുവിക്കാനായി മാറ്റിവച്ചു.



