dummy_ads1-01
dummy_ads1-01
previous arrow
next arrow
News

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കരുത്; ട്രാവല്‍ ആപ്പുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: യാത്ര തുടങ്ങും മമ്പ് തന്നെ ടിപ്പ് ചോദിക്കുന്ന രീതി ഇനി വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്രം. ഇതുസംബന്ധിച്ച് ട്രാവല്‍ ആപ്പുകള്‍ക്ക് കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. യാത്ര ബുക്ക് ചെയ്യുമ്പോള്‍ ടിപ്പ് നല്‍കാന്‍ ആവശ്യപ്പെടുന്ന രീതി ഒഴിവാക്കണം. റാപ്പിഡോ, ഊബര്‍ തുടങ്ങിയ ആപ്പുകള്‍ക്കാണ് ഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. യാത്ര പൂര്‍ത്തിയാകുമ്പോള്‍ യാത്രക്കാരന് സ്വമേധയാ ടിപ്പ് നല്‍കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.ടിപ്പ് നല്‍കിയാല്‍ വേഗം വാഹനം ലഭിക്കും എന്ന പ്രേരണ പാടില്ലെന്നും യാത്ര ആരംഭിക്കുന്നതിന് മുമ്പ് ടിപ്പ് ഓപ്ഷന്‍ കാണിക്കരുതെന്നുമാണ് നിര്‍ദേശം. റോഡ് ഗതാഗത മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. ആപ്പുകളിലെ സവിശേഷതകള്‍ 2025 ലെ മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും ചട്ടങ്ങൾക്കും എതിരായി തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്രിമം കാണിക്കുന്നതോ ആയ ഒന്നും ആപ്പില്‍ നല്‍കരുതെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. നേരത്തെ, ഈ രീതി നിര്‍ത്താന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പ്ലാറ്റ്ഫോമുകളോട് നിര്‍ദേശിച്ചിരുന്നു.നിര്‍ദേശ പ്രകാരം, അധിക തുക നല്‍കിയാല്‍ റൈഡ് സ്ഥിരീകരണം, ഡ്രൈവറുടെ സ്വീകാര്യത, ഡ്രൈവറെ അനുവദിക്കല്‍, കാത്തിരിപ്പ് സമയം അല്ലെങ്കില്‍ സേവന നിലവാരം എന്നിവ മെച്ചപ്പെടുത്തിയേക്കാം എന്ന് നേരിട്ടോ അല്ലാതെയോ പ്രോത്സാഹിപ്പിക്കുകയോ, പ്രേരിപ്പിക്കുകയോ, അത്തരമൊരു ധാരണ സൃഷ്ടിക്കുകയോ ചെയ്യുന്ന യാതൊരുവിധ ഫീച്ചറോ, നിര്‍ദ്ദേശമോ, സന്ദേശമോ, ആഡ്-ഓണോ, പേയ്മെന്റ് ഓപ്ഷനോ, യൂസര്‍ ഇന്റര്‍ഫേസ് ഘടകമോ റൈഡ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button