അധ്യാപക നിയമന പരാതികളില്‍ സമയബന്ധിത പരിഹാരമുണ്ടാകും: മന്ത്രി എൻ. ഷംസുദ്ദീൻ

കോട്ടയം: അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ സർക്കാർ സമയബന്ധിതമായി പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു. എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെ നിയമന അംഗീകാരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന അദാലത്ത് – റിസോള്‍വിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എം.ടി. സെമനാരി ഹയർ സെക്കൻഡറി സ്കൂളില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ എയ്ഡഡ് മേഖല വഹിച്ച പങ്ക് നിർണായകമാണ്. എയ്ഡഡ് സ്കൂളുകളിലെ നിയമനത്തില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സർക്കാർ ശ്രമിച്ചുവരികയാണ്. കെ ടെറ്റ് വിഷയത്തില്‍ സ്പഷ്ടീകരണത്തിനായി സുപ്രീം കോടതിയെ സമീപിക്കും.ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം തടസ്സപ്പെട്ട ഏകദേശം 1,600 അധ്യാപകരുടെ പ്രശ്നം പരിഹരിച്ച് ഉത്തരവിറക്കും. ജില്ലകളിലെ വിവിധ ഓഫീസുകളില്‍ പരിഹരിക്കാവുന്ന വിഷയങ്ങള്‍ തീരുമാനത്തിനായി വകുപ്പ് ആസ്ഥാനത്തേക്ക് അയയ്ക്കുന്നതുമൂലമുണ്ടാകുന്ന കാലാതമസം ഒഴിവാക്കപ്പെടണം. ഓരോ ഓഫീസുകള്‍ക്കും തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങള്‍ വ്യക്തമാക്കി പ്രത്യേക മാനുവല്‍ പ്രസിദ്ധീകരിക്കും.പരാതി പരിഹാരം കാര്യക്ഷമമാക്കുന്നതിനായി നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള പ്രത്യേക സംവിധാനം വകുപ്പില്‍ ഏർപ്പെടുത്തും. പരാതി ലഭിച്ചാല്‍ പരമാവധി ആറു മാസത്തിനുള്ളില്‍ തീർപ്പു കല്‍പ്പിക്കും.വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി കൂടെ എന്ന പദ്ധതിക്കു വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞശേഷവും ചില കുട്ടികള്‍ക്ക് യോഗ്യതയ്ക്കൊത്ത മികവില്ലാതെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി നാല്, ഏഴ് ക്ലാസുകളില്‍ ഇത്തരം കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കും. ഇതിനായി താരാപഥം എന്ന പേരില്‍ ഒരു പരിപാടി നടപ്പാക്കും.സ്കൂളുകളിലെ കായിക പ്രവർത്തനങ്ങള്‍ സജീവമാക്കും. കൂടുതല്‍ വിദ്യാലയങ്ങളില്‍ കായികാധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. വൊക്കേഷണല്‍ ഹയർ സെക്കൻഡറി തലത്തില്‍ പഠിച്ചിറങ്ങുന്ന കുട്ടികളില്‍ തൊഴില്‍ പ്രാവീണ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴ്സുകള്‍ പുനഃക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ചാണ്ടി ഉമ്മൻ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിനു ജോബ് കുഴിമണ്ണില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു, അഡീഷണല്‍ ഡയറക്ടർ ആർ.എസ്. ഷിബു എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.



