അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം: ജില്ലയില്‍ വിപുലമായി പരിപാടികള്‍

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (26) ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും തടയുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായാണ് പരിപാടികള്‍ നടക്കുക.തൊടുപുഴ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ന്യൂമാന്‍ കോളേജില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ സദസ് ഉച്ചകഴിഞ്ഞ് രണ്ടിന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര നടന് ആസിഫ് അലി വിശിഷ്ടാതിഥിയാകും. തൊടുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കും. ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. പരിപാടിയോടനുബന്ധിച്ച് തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ നിന്ന് ന്യൂമാന്‍ കോളേജിലേക്ക് വിദ്യാര്‍ഥികളും സാമൂഹിക പ്രവര്‍ത്തകരും അണിനിരക്കുന്ന ലഹരി വിരുദ്ധ സന്ദേശ റാലി നടക്കും.മൂന്നാര്‍ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്, ലഹരി വിരുദ്ധ അവബോധക്ലാസ് എന്നിവ സംഘടിപ്പിക്കും. രാവിലെ 11.30 ന് നല്ലതണ്ണി ജംക്ഷനില്‍ നിന്ന് ലഹരി വിരുദ്ധ റാലി ആരംഭിക്കും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടി ഉച്ചയ്ക്ക് 12 ന് എഫ്. രാജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മൂന്നാര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. ചന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും. ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ മുഖ്യപ്രഭാഷണം നടത്തും. റിട്ടയേഡ് സബ് ഇന്‍സ്പെക്ടര്‍ കെ.ഡി. മണിയന് ബോധവത്കരണ ക്ലാസ് നയിക്കും. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാര്‍, മൂന്നാര്‍ എസ് എച്ച് ഒ ജെ. ബിനോദ് കുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.പീരുമേട് പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കുട്ടിക്കാനം മരിയന്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ അവബോധ ക്ലാസ് സംഘടിപ്പിക്കും. രാവിലെ 10 ന് അഡ്വ. സിറിയക് തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാജു വര്‍ഗീസ് അധ്യക്ഷത വഹിക്കും. മോട്ടിവേഷണല്‍ സ്പീക്കര്‍ ഷിബു കല്ലറയ്ക്കല്‍ ബോധവത്കരണ ക്ലാസ് നയിക്കും. മരിയന്‍ കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് എബ്രഹാം, പീരുമേട് എസ് എച്ച് ഒ ഒ.വി. ഗോപീ ചന്ദ്രന്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കട്ടപ്പന സബ് ഡിവിഷനു കീഴില്‍ ബൈക്ക് റാലി, എസ് പി സി കേഡറ്റുകളുടെ ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും. ഇടുക്കി സബ് ഡിവിഷനു കീഴില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം, ബൈക്ക് റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും.



