dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അലോഷ്യസ് സന്ദര്‍ശന അനുമതി തേടിയ ദിവസം മുഖ്യമന്ത്രി തിരക്കിലായിരുന്നു’; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. അലോഷ്യസ് സന്ദര്‍ശന അനുമതി തേടിയ ദിവസം മുഖ്യമന്ത്രി തിരക്കിലായിരുന്നു. ഇന്നലെ കൊച്ചിയില്‍ അലേഷ്യസുമായി കൂടിക്കാഴ്ചക്ക് ശ്രമം നടത്തിയിരുന്നു. എന്നാല്‍ സാധിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സന്ദര്‍ശന അനുമതി നിഷേധിച്ചതായുള്ള വാര്‍ത്തയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം വന്നത്.കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ നിലപാട് അറിയിക്കാനായിരുന്നു അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ജിന്റോ ജോണും വി ആര്‍ അനൂപും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നുമായിരുന്നു ജിന്റോ ജോണ്‍ പറഞ്ഞത്. പ്ലീഡര്‍ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്‌യുവിന്റെ ആവശ്യം ന്യായമാണെന്നും ജിന്റോ പറഞ്ഞിരുന്നു. ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം കൊടുത്ത മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചു എന്നായിരുന്നു അനൂപിന്റെ വിമര്‍ശനം.ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെഎസ്യുവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം. തിരുവനന്തപുരത്തെ കെഎസ്യുവാണോ പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. കെഎസ്യുവിന് പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്നും സതീശന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ സതീശനെതിരെ തുറന്നടിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രംഗത്തെത്തിയിരുന്നു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെഎസ്യു ആശങ്ക അറിയിച്ചതില്‍ എന്താണ് തെറ്റ് എന്ന് അലോഷ്യസ് ചോദിച്ചിരുന്നു. കേരളത്തിന്റെ തെരുവില്‍ സമരം ചെയ്ത ആളുകളുടെ വൈകാരികത ഉള്‍ക്കൊണ്ട് കെഎസ്യു മുഖ്യമന്ത്രിയെ ആശങ്ക അറിയിക്കുമെന്നും അലോഷ്യസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെയും അലോഷ്യസ് പ്രതികരിച്ചു. ‘നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരു കൂട്ടം ധിക്കാരികള്‍’ എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു അലോഷ്യസ് പ്രതികരിച്ചത്. വിരല്‍ ചൂണ്ടുന്ന ഒരു ചിത്രവും അലോഷ്യസ് പങ്കുവെച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button