ഇ25 പെട്രോൾ ഉടൻ ഇല്ല; ഇ20 പെട്രോൾ ഉപയോഗിക്കുന്നത് സുരക്ഷിതം’; കേന്ദ്രം

E-25 പെട്രോൾ ഉടൻ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉയർന്ന എഥനോൾ അനുപാതം നടപ്പിലാക്കുന്നത് വിശദമായ ശാസ്ത്രീയ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം മാത്രമായിരിക്കുമെന്നും വിശദീകരണം. പി പി സുനീർ എംപിയുടെ ചോദ്യത്തിന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയാണ് രാജ്യസഭയില്‍ മറുപടി നൽകിയത്. ഇ20 പെട്രോൾ ഉപയോഗിക്കുന്നത് സുരക്ഷിതമെന്നും കാർബൺ പുറന്തള്ളൽ 30 ശതമാനത്തോളം കുറയ്ക്കാൻ സഹായിക്കുമെന്നും കേന്ദ്രം ആവർത്തിച്ചു.ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിനെ ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്രം ആവർത്തിച്ചു. പഴയ മോഡൽ വാഹനങ്ങളിൽ ഇ20 എഞ്ചിൻ തകരാറുകൾക്കോ തേയ്മാനങ്ങൾക്കോ കാരണമാകില്ല. പഴയ വാഹനങ്ങളിൽ മൈലേജ് കുറയുന്നത് 3 മുതൽ 5 ശതമാനം വരെ മാത്രമാണ്. ഇ20 പെട്രോൾ വാഹനങ്ങൾക്ക് നഗരങ്ങളിൽ മികച്ച ആക്സിലറേഷനും സുഗമമായ യാത്രയും നൽകുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കി.20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ ആണ് ഇ 20 ഇന്ധനം. കരിമ്പ്, ചോളം, ബാർലി എന്നിവയുടെ കാർഷികാവശിഷ്ടത്തിൽ നിന്ന് വാറ്റിയെടുക്കുന്ന ആൽക്കഹോൾ കലർന്ന ഇന്ധനമാണ് എഥനോൾ. രാജ്യത്ത് വൻമാറ്റങ്ങൾ കൊണ്ടുവരുമെന്നും ഭാവിയുടെ ഇന്ധനം 100 ശതമാനം ബയോ-എഥനോൾ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് കേന്ദ്ര സർക്കാർ ഇ 20 രാജ്യവ്യാപകമാക്കുന്ന പദ്ധതിയിലേക്ക് കടന്നത്. എഥനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതിയുടെ ഭാഗമായാണ് ഇ20 ഇന്ധന പദ്ധതി രാജ്യത്ത് അവതരിപ്പിച്ചത്.



