dummy_ads1-01
dummy_ads1-01
previous arrow
next arrow
News

എതിര്‍പ്പുകള്‍ അവഗണിച്ച് സര്‍ക്കാര്‍; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ധന ബില്ലില്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ധനബില്ലില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 250 ശതമാനത്തില്‍ നിന്ന് 120 ശതമാനമായി കുറച്ചുകൊണ്ടുള്ള നിര്‍ദ്ദേശമാണ് ധന ബില്ലില്‍ ഉള്‍പ്പെടുത്തിയത്. ധന ബില്ലിന്റെ കരട് ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ധന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. ധന ബില്ലില്‍ നികുതി നിര്‍ദ്ദേശം ഉള്‍പ്പെടുത്തരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച് ബജറ്റില്‍ പ്രഖ്യാപനം വന്നതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. 0.5 മുതല്‍ 10 ശതമാനം വരെ വീര്യമുളള മദ്യത്തിന് 120 ശതമാനം, 10-20 ശതമാനം വരെ വീര്യമുളളവയ്ക്ക് 175 ശതമാനം എന്നിങ്ങനെയാണ് നികുതിഘടന പ്രഖ്യാപിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ 2022-23ലെ അബ്കാരി നയത്തില്‍ വീര്യം കുറഞ്ഞ മദ്യ വില്‍പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തിരുന്നെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86 ശതമാനം വീര്യമുളള മദ്യം വില്‍ക്കുന്ന അതേ നികുതി നല്‍കേണ്ടിയിരുന്നതിനാല്‍ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വിറ്റിരുന്നില്ല. പ്രമുഖ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനായി നികുതി ഘടന പരിഷ്‌കരണത്തിന് കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അത് നിരസിക്കുകയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലൂടെ നാട്ടില്‍ മുഴുവന്‍ മദ്യമൊഴുക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം എന്നായിരുന്നു മുന്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. പിന്നില്‍ കര്‍ണാടക മദ്യലോബിയാണെന്നും എം ബി രാജേഷ് പറഞ്ഞിരുന്നു.ഇതിന് പിന്നാലെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയ ഫയല്‍ നീങ്ങിയത് ശരവേഗത്തിലാണെന്നുള്ള വിവരവും പുറത്തുവന്നു. 2023ല്‍ തുടങ്ങിയ ഫയല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വേഗത്തില്‍ നീങ്ങിയതിന്റെ ഫയല്‍ മൂവ്മെന്റ് ഹിസ്റ്ററി ലഭിച്ചിരുന്നു. മെയ് 18ന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി. മെയ് 21ന് നികുതിയളവ് ഫയല്‍ സജീവമായി. വെറും രണ്ടര മണിക്കൂര്‍ കൊണ്ടാണ് ഫയല്‍ അന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ മുന്നിലെത്തിയത്. മുഖ്യമന്ത്രി കണ്ടതിന് ശേഷം ഫയല്‍ ശരവേഗത്തില്‍ നീങ്ങുകയായിരുന്നു. ജൂണ്‍ 15ന് മുഖ്യമന്ത്രി ഫയലില്‍ തീരുമാനമാക്കി. ജൂണ്‍ 16ന് അതിരാവിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ ഫയല്‍ നീക്കി. രാവിലെ 8.45നാണ് ജ്യോതിലാല്‍ ഫയല്‍ നീക്കിയത്. അതിനുശേഷം ഒരു മിനിറ്റ് കൊണ്ടും രണ്ടുമിനിറ്റ് കൊണ്ടും ഫയല്‍ നീങ്ങുന്നത് രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button