കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി

കരൂര്‍: തമിഴ്നാട്ടില്‍ കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്കാന് തമിഴ്നാട് സര്‍ക്കാര്‍. തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41പേരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം ജോലി നല്‍കാനാണ് വിജയ് സര്‍ക്കാരിന്റെ തീരുമാനം. ജൂലൈ 10, 11 തീയതികളില്‍ വിജയ് കരൂര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷമുള്ള വിജയ്യുടെ ആദ്യ സന്ദര്‍ശനമാകുമിത്.കരൂരില്‍ സര്‍ക്കാരിന്റെ ക്ഷേമ വിതരണ പരിപാടിയില്‍ വിജയ് പങ്കെടുക്കും. ഇതിന് പുറമെ മരണപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ ജോലി നല്‍കുന്നതിന്റെ ഡോക്യുമെന്റ് കൈമാറുമെന്നുമാണ് വിവരം.തെരഞ്ഞെടുപ്പിന് മുമ്പ് വിജയ് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വെച്ച് മരിച്ചവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറപ്പ് വിജയ് ബന്ധുക്കള്‍ക്ക് നല്‍കിയിരുന്നു. 37 പേരുടെ ബന്ധുക്കളാണ് എത്തിയത്. ദുരന്തത്തിന്റെ ഇരകളെ കയ്യൊഴിയില്ലെന്നും കുടുംബത്തിലെ കുട്ടികളുടെ ചികിത്സയും ബന്ധുക്കളുടെ ചികിത്സാ ചെലവും ഉള്‍പ്പെടെ ഏറ്റെടുത്ത ടിവികെ പ്രതിമാസം നിശ്ചിത തുക മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ദുരന്തബാധിതരുടെ കുടുംബത്തിന് വിജയ് 20 ലക്ഷം രൂപ നല്‍കിയിരുന്നു. 2025 സെപ്തംബര്‍ 27നാണ് കരൂരില്‍ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര് മരിച്ചത്.



