dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൊച്ചി-ലക്ഷദ്വീപ് സീ പ്ലെയിൻ പരീക്ഷണ പറക്കൽ നാളെ

കൊച്ചി-ലക്ഷദ്വീപ് സീ പ്ലെയിൻ പരീക്ഷണ പറക്കൽ നാളെ മുതൽ ആരംഭിക്കും. കേരളവും ലക്ഷദ്വീപും തമ്മിലുള്ള യാത്രാബന്ധം മെച്ചപ്പെടുത്തുന്നതിനും ദ്വീപിലേക്കുള്ള വിനോദസഞ്ചാരം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കൂടിയാണ് സീപ്ലെയിൻ സർവ്വീസുകള്‍ ആരംഭിക്കുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.കാലാവസ്ഥ അനുകൂലമെങ്കിൽ ബുധനാഴ്ച രാവിലെ പരീക്ഷണ പരീക്ഷ പറക്കല്‍ ആരംഭിക്കും.സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ (M/s Skyhope Aviation Limited) ഉടമസ്ഥതയിലുള്ള 20 സീറ്റുകളുള്ള ‘ട്വിൻ ഓട്ടർ’ (Twin Otter) സീപ്ലെയിൻ വിമാനമാണ് പരീക്ഷണ പറക്കലിനായി ഉപയോഗിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ആകെ 12 പരീക്ഷണ സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ആരംഭിച്ച് അഗത്തി, കൽപ്പേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ട് രണ്ട് പ്രധാന സെക്ടറുകളിലായാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA), ലക്ഷദ്വീപ് ഭരണകൂടം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുമായി ചേർന്നാണ് സിയാൽ ഈ സർവീസുകൾ ഏകോപിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.സീപ്ലെയിൻ കണക്റ്റിവിറ്റി യാഥാർത്ഥ്യമാകുന്നതോടെ ദ്വീപുകളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിക്കുകയും വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാവുകയും ചെയ്യും. വിനോദസഞ്ചാരത്തിന് പുറമെ അടിയന്തര സാഹചര്യങ്ങളിലെ ഗതാഗതം, പ്രാദേശിക സാമ്പത്തിക വികസനം എന്നിവയ്ക്കും ഈ പദ്ധതി വലിയ ഗുണകരമാകും. കേരളവും ലക്ഷദ്വീപും തമ്മിലുള്ള വ്യോമബന്ധം ശക്തിപ്പെടുത്തുന്നതിലും സുസ്ഥിരമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിലും ഇതൊരു സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.പുറത്ത് വരുന്ന ചില റിപ്പോർട്ടുകള്‍ പ്രകാരം കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള സർവീസിന് 12000 രൂപയോളം നല്‍കേണ്ടി വരും. എന്നാല്‍ സർവ്വീസ് കേന്ദ്ര സർക്കാറിന്‍റെ ഉഡാന്‍ പദ്ധതിയുടെ ഭാഗമാക്കി മാറ്റുകയാണെങ്കില്‍ യാത്രാക്കൂലി വലിയ തോതില്‍ കുറഞ്ഞേക്കും. ഉഡാന്‍ പദ്ധതിയുടെ ഭാഗാമായാല്‍ ഒരു വശത്തേക്കുള്ള ടിക്കറ്റ് ചാർജ് 2000 രൂപ മുതൽ 4000 രൂപ വരെയുള്ള നിരക്കിൽ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button