കോട്ടയത്തെ ശിശുക്കടത്ത്: കൊല്ലത്തും കണ്ണൂരും കുഞ്ഞുങ്ങളെ വിറ്റതായി പൊലീസ് കണ്ടെത്തല്‍

കോട്ടയത്ത് നവജാത ശിശുവിനെ വില്ക്കാന് ശ്രമിച്ച സംഭവത്തിന് പിന്നാലെ സമാനമായ രണ്ട് കേസുകള്‍ കൂടി കണ്ടെത്തി പൊലീസ്. തൊടുപുഴയിലെ ആശുപത്രിയില്‍ പ്രസവിച്ച കുട്ടിയെ വിറ്റത് കൊല്ലത്താണെന്ന് പൊലീസ് കണ്ടെത്തി. മറ്റൊരു കുട്ടിയെ കണ്ണൂരിലും വിറ്റതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ശിശുക്കടത്ത് സംഘത്തെ ഈരാട്ടുപേട്ട പൊലീസ് പിടികൂടിയത്. അസം സ്വദേശിയായ ഗര്‍ഭിണിയായ പെണ്‍കുട്ടി സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസിന് നല്കിയ പരാതിയെ തുടര്‍ന്നാണ് ശിശുക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലോകമറിഞ്ഞത്. ഇതിന് പിന്നാലെ പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് രണ്ട് കേസുകള്‍ കൂടി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.എന്നാല്‍ കുഞ്ഞുങ്ങളെ ആര്‍ക്കാണ് വിറ്റതെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരികയാണ്. കേസില്‍ ഇതുവരെ നാലുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.



