നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. സംഭവത്തില്‍ വിശദീകരണം തേടി സംസ്ഥാന പൊലിസ് മേധാവിക്കും വനിതാശിശു വികസന വകുപ്പിനും കോടതി നോട്ടീസ് അയച്ചു.മെയ് 26നാണ് നെടുമങ്ങാട് കരിക്കുഴിയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന അഖിലയുടെ മകന് അര്‍ഷിദ് കൊല്ലപ്പെട്ടത്. അമ്മയുടെ പങ്കാളിയായ അഷ്കറിന്റെ ക്രൂരമര്‍ദനമാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. അഷ്കര്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ വേണ്ടവിധം പരിചരിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ നേരത്തെ പൊലിസിനെ അറിയിച്ചിരുന്നു.കേസില്‍ ഒന്നാം പ്രതിയായ അഷ്കറിനെതിരേ എസ്സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നുവെന്നും കണ്ടെത്തി. തലയ്ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നുണ്ടായ നീര്‍ക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.താനും അഖിലയും ഒരുമിച്ച് ജീവിക്കുന്നതിന് കുട്ടി തടസമായിരുന്നതിനാലാണ് മര്‍ദിച്ചതെന്ന് അഷ്കര്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. കുട്ടി പടിയില്‍ നിന്ന് വീണ് പരുക്കേറ്റതാണെന്നായിരുന്നു ആദ്യം അമ്മയും അഷ്കറും പൊലിസിനോട് പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.ഇതിനിടെ, കുട്ടിയുടെ കൈ ഒടിഞ്ഞ വിവരം ലഭിച്ചിട്ടും ആവശ്യമായ പരിശോധനയോ തുടര്‍നടപടികളോ സ്വീകരിക്കാതിരുന്ന വനിതാശിശു വികസന വകുപ്പിലെ താത്കാലിക ജീവനക്കാരനെ സർവീസിൽ നിന്ന് പുറത്താക്കാന്‍ മന്ത്രി ബിന്ദു കൃഷ്ണ വകുപ്പ് ഡയറക്ടറോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



