വിഷുവിന് പൊന്ന് ചതിച്ചു! പവന് ഒറ്റയടിക്ക് കൂടിയത് 1,040 രൂപ

പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിച്ചപ്പോൾ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും ഉയരുന്നു. വിഷുദിനമായ ഇന്ന് സ്വർണം വാങ്ങാനെത്തുന്നവർക്ക് വില വർധന തിരിച്ചടിയാകും . കഴിഞ്ഞ കുറേ ദിവസങ്ങളായി ചാഞ്ചാട്ടത്തിലായിരുന്നു സ്വർണം. എന്നാൽ വെടിനിർത്തൽ കരാറിനായി ചർച്ചകൾ പുനരാരംഭിക്കുമെന്ന സൂചനകളെ തുടർന്ന് സ്വർണവില കൂടുകയായിരുന്നു. ഡോളറിന്റെ മൂല്യം താഴ്ന്നതോടെ സ്വർണത്തിന് നിക്ഷേപകർ പ്രാധാന്യം നൽകിത്തുടങ്ങി.ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 100 ഡോളർ വരെ ഉയർന്ന ശേഷം 4,800 ഡോളറിന് മുകളിലെത്തി. സംസ്ഥാനത്തും സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പവന് ഇന്ന് 1,040 രൂപ കൂടി 1,12,880 രൂപയും ഗ്രാമിന് 130 രൂപ ഉയർന്ന് 14,240 രൂപയുമാണ് ഇന്നത്തെ വില.പവന് വില ഇത്രയുമാണെങ്കിലും ഒരു പവൻ ആഭരണ രൂപത്തിൽ ലഭിക്കാൻ 3 ശതമാനം ജി എസ് ടിയും പണിക്കൂലിയും ചേർത്ത് 1,15,000 രൂപയോളം നൽകേണ്ടി വരും. വിവാഹ സീസണും വിഷുവും അക്ഷയതൃതീയയും ഉൾപ്പെടുന്ന ആഴ്ചയിലെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും.



