വീണയുടെ മൊഴികളില്‍ വ്യക്തതയില്ല, പൊരുത്തക്കേടും; അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ ഡി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത് മൂന്നാം തവണയാണ് വീണയെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. രണ്ട് തവണ ചോദ്യം ചെയ്തിട്ടും വീണയുടെ മൊഴികളില്‍ വ്യക്തതയില്ലെന്ന് ഇ ഡി സംഘം പറയുന്നു. 2.78 കോടി രൂപയുടെ വിനിയോഗത്തില്‍ അടക്കം വ്യക്തത വന്നിട്ടില്ല. സിഎംആര്‍എല്‍ ഉന്നതരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നുമാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനംചോദ്യം ചെയ്യലിനായി വീണയോട് അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആര്‍എല്‍ ഉന്നതരെയും വീണ്ടും ചോദ്യം ചെയ്യും. വീണയുടെ സ്വത്തുക്കള്‍ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ഇ ഡി ശേഖരിക്കുന്നുണ്ട്.കേസില്‍ അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇ ഡി. വീണയും സിഎംആര്‍എല്ലും തമ്മില്‍ കരാര്‍ തരപ്പെട്ടത് എങ്ങനെയെന്നാണ് അന്വേഷണം. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് സിഎംആര്‍എല്ലിന് എന്തെങ്കിലും ആനുകൂല്യം ലഭിച്ചിട്ടുണ്ടോ എന്നും അതിന്റെ പ്രത്യുപകാരമാണോ കരാര്‍ എന്നും പരിശോധിക്കുന്നുണ്ട്.ഇന്നലെയായിരുന്നു വീണയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍. ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. എസ്എഫ്ഐഒയില്‍ നിന്ന് ശേഖരിച്ച നിര്‍ണായക രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. 134 രേഖകളാണ് ഇ ഡിയ്ക്ക് എസ്എഫ്ഐഒയില്‍ നിന്നും ലഭിച്ചത്. വീണയും എക്സാലോജിക്കും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാറുകളും വീണയുടെ ഐടി റിട്ടേണും വിശദമായ മൊഴിപ്പകര്‍പ്പും അടക്കമുള്ള അതീവ രഹസ്യ രേഖകളാണ് ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കൈകളില്‍ എത്തിയിരിക്കുന്നത്.വീണ ടിയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കര്‍ ഇഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചിരുന്നു. നേരത്തെ ഈ അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു വീണയെ ബാങ്കില്‍ വിളിച്ചുവരുത്തിയുള്ള പരിശോധന. ഇതിന് പിന്നാലെ രണ്ടാംവട്ടം ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണയ്ക്ക് സമന്‍സ് അയക്കുകയായിരുന്നു.നേരത്തെ സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെയും ജയ എസ് കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ. എംപവര്‍ വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍. ശശിധരന് കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ ഡയറക്ടറായ ഷിബി, സിഎംആര്‍എല്ലുമായി ബന്ധമുള്ള നിപുണ ഇന്റര്‍നാഷണല്‍സിന്റെ പ്രധാനചുമതല കൂടി വഹിക്കുന്നുണ്ട്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റര്നാഷണല്സിഎംആര്എല് കമ്പനിയും വീണ ടിയുടെ ഉടമസ്ഥതയിലുളള ‘എക്സാലോജിക് സൊല്യൂഷന്‍സ്’ എന്ന ഐടി കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. എക്സാലോജിക് നല്കിയ ഐടി സേവനങ്ങള്‍ക്കുളള പ്രതിഫലമെന്ന നിലയില്‍ 2017 മുതല്‍ 2020 വരെയുളള കാലയളവില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നും എന്നാല്‍ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുളള ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങള്‍ക്ക് ആധാരമായത്. തുടര്‍ന്ന് എസ്എഫ്ഐഒ ഈ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെയാണ് ഇ ഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്.



