സ്വർണവും മൊബൈലും വാങ്ങി ഗൂഗിള്‍പേയില്‍ പണമടച്ചതായി വ്യാജ സ്‌ക്രീന്‍ഷോട്ട് കാണിച്ച് തട്ടിപ്പ്; പ്രതി പിടിയില്‍

മലപ്പുറം: സ്വര്‍ണവും മൊബൈലും വാങ്ങി ഗൂഗിള്‍പേയില്‍ പണമടച്ചതായി വ്യാജ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് തട്ടിപ്പ്. മലപ്പുറം പെരുമ്പടപ്പില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. വെളിയംകോട് സ്‌കൂള്‍പടി പുളിക്കല്‍ സ്വദേശി ജംഷാദ്(29)നെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പെരുമ്പടപ്പിലെ ജ്വല്ലറിയില്‍ നിന്ന് ഒരുലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണം വാങ്ങി പണമടച്ച വ്യാജ സ്‌ക്രീന്‍ഷോട്ട് കാണിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. സമാനമായ രീതിയില്‍ മറ്റൊരു സ്ഥാപനത്തിലും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസിന് ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ഏറെക്കാലമായി ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തി വരികയായിരുന്നുവെന്നാണ് വിവരം. ജംഷാദ് തട്ടിപ്പ് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തില്‍ നിന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങളും ഇതിന് ചെലവാകുന്ന തുകയും നേരത്തേ തന്നെ കണ്ടെത്തി വെക്കും. അതിന് ശേഷം ഇതിന് ഉതകുന്ന നിലയില്‍ തുക അടച്ചു എന്ന് കാണിക്കുന്ന വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മിക്കുകയും ചെയ്യും. പിന്നാലെ കടയിലെത്തി ഈ സാധനങ്ങള്‍ വാങ്ങിയ ശേഷം വ്യാജ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് ജീവനക്കാരെ കബളിപ്പിച്ച ശേഷം അവിടെ നിന്ന് കടന്നുകളയുകയാണ് ഇയാളുടെ രീതി.പെരുമ്പടപ്പിടെ ജ്വല്ലറിയില്‍ നടത്തിയ തട്ടിപ്പിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗുരവായൂരില്‍ നിന്നാണ് ജംഷാദ് പിടിയിലായത്. പ്രതിക്കൊപ്പം സംഘത്തില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്.



