ഹെലികോപ്റ്റര്‍ വിവാദം; ചിപ്സനുമായുള്ള കരാര്‍ പുതുക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍, ലോകായുക്തയില്‍ നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിലപാട് വ്യക്തമാക്കിയത്.മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങള്‍ക്ക് അല്ലെന്നും കെ എം ഷാജഹാന്റെ ഹർജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കി. കേസ് നവംബർ മൂന്നിലേക്ക് മാറ്റി. അതേസമയം, മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളി.ആകാശത്തോളം ഉയർന്ന വിവാദങ്ങളാണ് ഇടത് കാലത്തെ വാടക ഹെലികോപ്റ്ററിലുണ്ടായത്. ആദ്യം പവൻ ഹൻസുമായി കരാർ, പിന്നീട് ചിപ് സണ്‍ കമ്പനി. നിലവില്‍ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80 ലക്ഷമാണ് വാടക. അധികമുള്ള മണിക്കൂറിന് 90000 രൂപ. പറപ്പിച്ചാലും ഇല്ലെങ്കിലും വാടക നല്‍കണം. വാടക ഹെലികോപ്റ്റര്‍ ധൂർത്തെന്ന ആക്ഷേപമാണ് യുഡിഎഫ് ഉയർത്തിയത്. സർക്കാർ മാറിയിട്ടും നേരത്തെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറന്നു. കാലാവധി തീർന്നപ്പോള്‍ കരാർ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. വീണ്ടും ടെണ്ടറിലേക്ക് പോയാല്‍ തുക ഉയരുമെന്നും അതിനാല്‍ കരാർ തുടർന്നാല്‍ മതിയെന്നായിരുന്നു ശുപാർശ. കാലവധി അവസാനിച്ചപ്പോള്‍ ആവശ്യം അനുസരിച്ച് മണിക്കൂറിന് 4 ലക്ഷം രൂപ നിരക്കില്‍ പറപ്പിക്കാമെന്ന ശുപാർശ ചിപ്സണ്‍ ഏവിയേഷൻ കമ്പനി മുന്നോട്ട് വെച്ചിരുന്നു.



