ആർഡിയേക്കാൾ ഉയർന്ന ലാഭവിഹിതം, ഔദ്യോഗിക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ; കെഎസ്എഫ്ഇ പിങ്ക് ചിട്ടികൾക്ക് തുടക്കമായി

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇ പിങ്ക് ചിട്ടികളുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭാ മീഡിയാ റൂമില്‍ നടന്ന ചടങ്ങില്‍ നിർവഹിച്ചു.സർക്കാരിന്‍റെ സ്ത്രീ ശാക്തീകരണ നയങ്ങളുടെ ഭാഗമായി വനിതകള്‍ക്കും ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്കും മാത്രമായി കെഎസ്‌എഫ്‌ഇ അവതരിപ്പിക്കുന്ന പ്രത്യേക സമ്പാദ്യ പദ്ധതിയാണ് ‘പിങ്ക് ചിട്ടികള്‍’.ദൈനംദിന സമ്പാദ്യത്തില്‍ നിന്ന് മികച്ച ഒരു സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിനും, സുരക്ഷിതമായ നിക്ഷേപത്തിലൂടെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2025-26 സാമ്പത്തിക വർഷത്തെ കെഎസ്‌എഫ്‌ഇ ഗ്യാരന്‍റി കമ്മിഷന്റെ രണ്ടാം ഗഡുവും (110.04 കോടി രൂപ) മാനേജിങ് ഡയറക്ടർ പി എൻ അഭിലാഷ് മുഖ്യമന്ത്രിക്ക് കൈമാറി. കെഎസ്‌എഫ്‌ഇ ജനറല്‍ മാനേജർമാരായ എസ് ശരത് ചന്ദ്രൻ, പി ശ്രീകുമാർ, കമ്പനി സെക്രട്ടറി എമില്‍ അലക്‌സ് തുടങ്ങിയവർ സന്നിഹിതരായി.സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്‌എഫ്‌ഇ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണ് പിങ്ക് ചിട്ടി. പ്രതിമാസം 1,500 രൂപ മുതല്‍ 5,000 രൂപ വരെയുള്ള തവണകളില്‍ ചിട്ടിയില്‍ ചേരാം. 30 മാസം മുതല്‍ 60 മാസം വരെയുള്ള ഹ്രസ്വ, മധ്യകാല കാലാവധികളിലാണ് പദ്ധതിയില്‍ അംഗമാകാൻ കഴിയുക.സംസ്ഥാന സർക്കാരിന്റെ 100 ശതമാനം ഗ്യാരണ്ടിയുള്ള പദ്ധതിയാണിത്. ബാങ്ക് ആവർത്തന നിക്ഷേപങ്ങളേക്കാള്‍ (ആർഡി) ഉയർന്ന ലാഭവിഹിതമാണ് പിങ്ക് ചിട്ടി വാഗ്ദാനം ചെയ്യുന്നതെന്ന് കെഎസ്‌എഫ്‌ഇ വ്യക്തമാക്കുന്നു. ദൈനംദിന ചെലവുകളില്‍നിന്ന് മിച്ചംപിടിക്കുന്ന ചെറിയ തുകകള്‍ സുരക്ഷിതമായി നിക്ഷേപിച്ച് വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാൻ സ്ത്രീകളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.പരമ്പരാഗത കെഎസ്‌എഫ്‌ഇ ചിട്ടികളുടെ അതേ വ്യവസ്ഥകള്‍ പാലിച്ചാണ് പിങ്ക് ചിട്ടിയും പ്രവർത്തിക്കുന്നത്. അംഗങ്ങള്‍ക്ക് പ്രതിമാസം ലേലത്തിലൂടെയോ നറുക്കെടുപ്പിലൂടെയോ ചിട്ടിത്തുക കൈപ്പറ്റാം. കൂടാതെ, മികച്ച ലാഭവിഹിത ആനുകൂല്യങ്ങളും പദ്ധതിയുടെ ഭാഗമായി ലഭിക്കും. കൃത്യസമയത്ത് തവണകള്‍ മുടങ്ങാതെ അടയ്ക്കുന്ന വരിക്കാർക്ക് 10, 30, 59 എന്നീ തവണകള്‍ പൂർത്തിയാകുമ്പോള്‍ 500 രൂപ വീതം ക്യാഷ്ബാക്ക് ലഭിക്കും. തുക നേരിട്ട് ചിട്ടി അക്കൗണ്ടിലേക്ക് നല്‍കും. ഇതുവഴി ആകെ 1,500 രൂപ വരെ ക്യാഷ്ബാക്ക് ആനുകൂല്യം നേടാനാകും.ഓരോ മാസവും ഒരു അംഗം ലേലത്തിലൂടെ ചിട്ടി പിടിക്കുമ്പോള്‍ ലഭിക്കുന്ന കിഴിവ് തുകയില്‍നിന്ന് ഫോർമാൻ കമ്മീഷൻ കുറച്ച ശേഷമുള്ള തുക മറ്റ് അംഗങ്ങള്‍ക്കായി വീതിച്ചുനല്‍കും. ഈ ലാഭവിഹിതം ഓരോ മാസത്തെയും തവണയില്‍നിന്ന് കുറയ്ക്കുന്നതിനാല്‍ വരിക്കാർക്ക് ചിട്ടിയുടെ യഥാർഥ പ്രതിമാസ തുകയേക്കാള്‍ കുറഞ്ഞ തുക അടച്ചാല്‍ മതിയാകും.



