പീരുമേട്ടില്‍ വീണ്ടും കാട്ടാന ആക്രമണം: വീടും കൃഷിയും തകര്‍ത്തു

പീരുമേട്: പീരുമേട് മേഖലയില്‍ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ പുലര്‍ച്ചെയോടെ പീരുമേട് പ്ലാക്കാത്തടം സ്വദേശി പുത്തന്‍പുരയ്ക്കല്‍ ബിജുവിന്റെ വീട് കാട്ടാന തകര്‍ത്തു.,വീടിന് കാര്യമായ നാശനഷ്ടം വരുത്തിയ ആന കൃഷികളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.പെട്ടെന്നുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ ബിജുവും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചുകാലമായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം ജനങ്ങളില്‍ ഭീതി പരത്തുന്നുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ജനവാസ മേഖലയിലിറങ്ങി വീടും കൃഷിയിടവും തകര്‍ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയത്.പഞ്ചായത്ത് ഭരണസമിതിസംഭവസ്ഥലം സന്ദര്‍ശിച്ചു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നതെന്ന് ഭരണസമിതി ആരോപിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, വൈസ് പ്രസിഡന്റ് മനോജ് രാജന് എന്നിവര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് മെമ്പര്‍മാരായ അനീഷ്, ശേഖര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും തീരുമാനം..



