മലപ്പുറത്ത് മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

സംസ്ഥാനത്തെ ഭരണസ്തംഭനമെന്ന വിമർശങ്ങൾക്കിടെ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി ഡോക്ടർ എ ജയതിലക്. കാലവർഷ മുന്നൊരുക്കങ്ങൾ, പാഠപുസ്തകവിതരണം തുടങ്ങിയവ ചർച്ച ചെയ്തു. മലപ്പുറത്ത് മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ജില്ലാ കളക്ടർമാരും പങ്കെടുത്തു.എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയ പാത വികസന പ്രവൃത്തികൾ എന്നിവ യോഗത്തിൽ വിലയിരുത്തി. എൽപിജി യിൽ നിന്നും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് സംവിധാനത്തിലേക്കുള്ള മാറ്റം ചർച്ച ചെയ്തു. പിഎൻജി ലഭ്യത ഉറപ്പാക്കാൻ തുടർനടപടികൾ വേഗത്തിലാക്കും. പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയ്ക്കും ഓരോ കോടി രൂപയും അനുവദിച്ചു.ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമവും യോഗം ചർച്ച ചെയ്തു. നിലവിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, വനം-വന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ അനുമതികൾ ലഭിച്ചതിന് ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സമയപരിധി പരിഗണിച്ച് നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു.ദേശീയപാത അതോറിറ്റി (NHAI) പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഭൂരിഭാഗം പ്രവൃത്തികളും പൂർത്തിയായതായി അറിയിച്ചു. ബാക്കി വരുന്ന അവസാനഘട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർ എൻ.എച്ച്.എ.ഐയുമായും ബന്ധപ്പെട്ട ഏജൻസികളുമായും ഏകോപനം ശക്തമാക്കണമെന്ന് നിർദ്ദേശിച്ചു.



