സംസ്ഥാനത്ത് ധനബിൽ പാസാക്കി നിയമസഭ

തിരുവനന്തപുരം: വൻ വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ല് നിയമസഭ പാസാക്കി. ബജറ്റിന്റെ ഗ്രെയ്സ് കളയാൻ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് യുഡിഎഫിലെ വിമർശകരെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. കർഷകർക്കായി കൊണ്ടുവന്ന മദ്യനയ ഭേദഗതി വൻകിടകാർക്കായി അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. കർഷകർക്ക് വേണ്ടിയെങ്കിൽ ബക്കാർഡിയുമായി ചർച്ച എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചുവീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ചതിൽ പ്രതിപക്ഷത്തിനെതിരെയും കോൺഗ്രസ്സിലെ വിമർശകർക്കെതിരെയും ഒളിയമ്പെയ്ത് മുഖ്യമന്ത്രി. ബജറ്റിൻ്റെ ശോഭ കെടുത്താൻ പ്രതിപക്ഷം ശ്രമിച്ചെന്നും ചിലർ അതിനൊപ്പം കൂടിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. അതിനൊന്നും വഴങ്ങുന്ന സർക്കാറല്ല ഇതെന്ന് ധനബിലിൻ്റെ ചർച്ചയുടെ മറുപടിയിൽ വി ഡി സതീശൻ വ്യക്തമാക്കി. യുഡിഎഫിൽ മാത്രമല്ല കേരളത്തിലാകെ മദ്യനയം ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നികുതി കുറച്ച നടപടി അടക്കം ചേർത്തുള്ള ബിൽ ശബ്ദ വോട്ടോടെ പ്രതിപക്ഷത്തിൻ്റെ അസാന്നിധ്യത്തിൽ പാസായി. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബജറ്റിൽ ഒളിച്ചുകടത്തിയതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. നിയമസഭക്ക് മുകളിൽ എക്സിക്യൂട്ടീവിനെ പ്രതിഷ്ഠിക്കാനാണ് ശ്രമം. സബ് ജക്ട് കമ്മിറ്റിക്ക് പോലും വിടാതെ ബിൽ പാസാക്കാനുള്ള നീക്കത്തെയും ചോദ്യം ചെയ്ത് പ്രതിപക്ഷം ബില്ലിൻ്റെ ചർച്ച ബഹിഷ്ക്കരിച്ചു.വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നിർദ്ദേശം ബജറ്റിൽ ഉള്ളതാണെന്ന് പറഞ്ഞ വി ഡി സതീശന്‍, ബജറ്റിലെ നികുതി നിർദ്ദേശം ധനബില്ലിൽ വരുമെന്ന് അറിയാത്തയാളാണോ മുൻ മുഖ്യമന്ത്രിയെന്നും ചോദിച്ചു. ഇത് ധനബില്ലിൽ ഒളിച്ച് കടത്തിയതല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇടത് ഭരണകാലത്തെ ഫയൽ കുറിപ്പുകൾ സഭയില്‍ ഉദ്ധരിച്ചു. വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി കുറയ്ക്കും എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം. ബിയറിനും വൈനിനും തുല്യമായ നികുതി വേണമെന്നാണ് ഫയലിൽ എഴുതിയത്. മറ്റു സംസ്ഥാനങ്ങളെക്കാൾ ഉയർന്ന നികുതിയാണ് യുഡിഎഫ് ചുമത്തിയതെന്നും വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ട എന്ന് യുഡിഎഫ് തീരുമാനിച്ചാൽ വിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തെ ഊതിപ്പെരുപ്പിച്ച് വലുതാക്കിയതാണ്. അതിന് ഒന്നും വഴങ്ങുന്ന സർക്കാരല്ല ഇതെന്നും വി ഡി സതീശന്‍ പറഞ്ഞു.



