dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ എംഎല്‍എ ഫണ്ട് ഉപയോഗിക്കാം; പ്രത്യേകാനുമതി നൽകി സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാനായി എംഎല്‍എ ഫണ്ട് ഉപയോഗിക്കാന്‍ പ്രത്യേകാനുമതി നല്‍കി സര്‍ക്കാര്‍. എംഎല്‍എമാരുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നാകും ബസ് വാങ്ങാനുള്ള തുക ചെലവഴിക്കുക. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് പരമാവധി മൂന്ന് ബസുകള്‍ വരെ വാങ്ങാനാണ് പുതിയ ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്.എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ബസുകള്‍ അതത് മണ്ഡലങ്ങളിലെ യാത്രാവശ്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. വാങ്ങേണ്ട ബസുകളുടെ ഇരിപ്പിട ശേഷി, മോഡല്‍, ഇന്ധനം എന്നിവ സിഎംഡിയുമായി ആലോചിച്ച ശേഷമായിരിക്കും കെഎസ്ആര്‍ടിസി തീരുമാനിക്കുക. വാങ്ങുന്ന ബസിന്റെ നികുതിയും രജിസ്‌ട്രേഷനും ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ ചെലവ് വിവരങ്ങള്‍ സെപ്റ്റംബര്‍ 30ന് മുന്‍പായി കെഎസ്ആര്‍ടിസി എംഎല്‍എമാര്‍ക്ക് നല്‍കണം. തുടര്‍ന്ന് ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ജനപ്രതിനിധികളുടെ നിര്‍ദേശം ഒക്ടോബര്‍ 15ന് മുന്‍പായി അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.2026-27 സാമ്പത്തിക വര്‍ഷത്തില്‍ എംഎല്‍എമാര്‍ക്ക് അനുവദിക്കുന്ന തുകയില്‍ നിന്നുമായിരിക്കും ബസ് വാങ്ങാനുള്ള ഫണ്ട് നല്‍കേണ്ടിവരുക. ആദ്യ ഘട്ടത്തില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ബസുകള്‍ അതത് മണ്ഡലങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായിരിക്കും ഉപയോഗിക്കുക. പിന്നീട് കോര്‍പറേഷന്റെ ആവശ്യപ്രകാരം ബസുകള്‍ റൂട്ട് മാറ്റി ഓടിക്കാനുള്ള അധികാരവും കെഎസ്ആര്‍ടിസിക്ക് നല്‍കിയിട്ടുണ്ട്. ബസുകളുടെ ജീവനക്കാര്‍, ഇന്ധനം, പരിപാലനം തുടങ്ങിയവ കെഎസ്ആര്‍ടിസി തന്നെ വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.ഏതെങ്കിലും വ്യക്തികള്‍ക്കോ കൂട്ടായ്മകള്‍ക്കോ സംഘടനകള്‍ക്കോ സര്‍ക്കാരിന് ബസുകള്‍ വാങ്ങി നല്‍കാമെന്ന് സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് അറിയിച്ചിരുന്നു. സര്‍ക്കാര്‍ ചെലവില്‍ പിന്നീട് അവര്‍ കൂടി ആഗ്രഹിക്കുന്ന റൂട്ടില്‍ സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യംമെച്ചപ്പെടുത്തുന്നതിനായാണ് ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ കെഎസ്ആര്‍ടിസി അവസരമൊരുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, ട്രസ്റ്റുകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് പുറമെ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചും ബസുകള്‍ നല്‍കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button