ചെലവുചുരുക്കൽ ആഹ്വാനത്തിന് പിന്നാലെ സുരക്ഷാ വാഹനവ്യൂഹം പകുതിയായി കുറച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : വിലക്കയറ്റം നേരിടാൻ ജനങ്ങൾക്ക് പുതിയ സമ്പത്തിക നയങ്ങൾ നിർദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയായി കുറച്ചു. 50% ആയി വെട്ടി കുറയ്ക്കാൻ ആണ് നരേന്ദ്ര മോദി നിർദേശം നൽകിയത്. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ഉപയോഗിക്കാനും മോദി നിർദ്ദേശം നൽകിയിട്ടുണ്ട്. പെട്രോൾ ഡീസൽ പ്രതിസന്ധിയ്ക്ക് പിന്നാലെയാണ് ഈ നിർദ്ദേശം നൽകിയത്.പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോടാണ് (എസ്.പി.ജി) നിലവിലെ വാഹനങ്ങളുടെ എണ്ണത്തിൽ 50 ശതമാനം കുറവ് വരുത്താൻ ആവശ്യപ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങൾ അടങ്ങിയ ബ്ലൂ ബുക്കിലെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടുതന്നെ മാറ്റങ്ങൾ നടപ്പിലാക്കാൻ എസ്പിജി നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ധന ഉപയോഗം കുറക്കാനും ആഡംബരങ്ങൾ ഒഴിവാക്കി മാതൃകയാകാനും മറ്റ് മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും മോദി നിർദ്ദേശം നൽകി.പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് പിന്നാലെ ഡൽഹി സർക്കാരും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. മന്ത്രിമാർ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തണം എന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. എംഎൽഎമാർക്കും നിർദേശം നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ കാർപൂളിംഗ്, പൊതു ഗതാഗതം, മെട്രോ എന്നിവ ഉപയോഗിക്കണം എന്നും രേഖ ഗുപ്ത വ്യക്തമാക്കി.കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദ് സന്ദർശന വേളയിലാണ് സ്വർണ്ണത്തിന്റെയും ഇന്ധനത്തിന്റെയും ഉപഭോഗം കുറക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്. സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ച നിർദ്ദേശം.



