പിഎസ്സിയിലെ പിൻവാതിൽ നിയമനം; സിജെപി മാതൃകയിൽ സമരത്തിനൊരുങ്ങി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിനെതിരെ ‘ജെൻസി സമരം’ നടത്താനൊരുങ്ങി പിഎസ്സി ഉദ്യോഗാർത്ഥികൾ. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സൂചനാ സമരം നടത്തും. സിജെപി മാതൃകയിൽ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ കൂട്ടായ്മയാണ് സമരം നടത്തുക. ഓൾ കേരളാ പിഎസ്സി ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം നടക്കുക. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം അനിശ്ചിതമായി തുടരാനാണ് തീരുമാനം. പിഎസ്സി ക്രമക്കേട്, നിയമനം നടക്കാത്തത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം. സിജെപി സമര വിജയത്തിന് പിന്നാലെ കൂടുതല്‍ പേർ പിഎസ്സി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.സെക്രട്ടറിയേറ്റിന് മുന്നിലെ അധ്യാപക റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രതിഷേധവും ശക്തമാവുകയാണ്. അനിശ്ചിതകാല സമരവുമായി യുഎപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സും രംഗത്ത് എത്തി. 25 ദിവസമായി തുടരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരം അവസാനിപ്പിക്കില്ലെന്ന് നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് യുപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സും സമരവുമായി രംഗത്തെത്തിയത്. അധ്യാപക ഒഴിവുകള്‍ ഉണ്ടായിട്ടും നിയമന നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ ഉള്‍പ്പെടെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ സ്വന്തം സംസ്ഥാനത്തെ റാങ്ക് ഹോള്‍ഡേഴ്സിന്റെ ആവശ്യങ്ങള്‍ അവഗണിക്കുകയാണെന്നും അവര്‍ പ്രതികരിച്ചു.2025 ഒക്ടോബറിലാണ് യുപിഎസ്ടി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റ് വന്നതിന് പിന്നാലെ ആദ്യ അധ്യായന വര്‍ഷവും കഴിഞ്ഞു. എന്നാല്‍ രണ്ട് പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. പല ജില്ലകളിലും ഒന്നാം റാങ്കുകാര്‍ പോലും നിയമിതരായിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. സമരം തുടങ്ങുന്നതിന് മുന്‍പ് രണ്ട് തവണ ഉദ്യോഗാര്‍ത്ഥികള്‍ സൂചനാ പണിമുടക്ക് നടത്തി. എന്നാല്‍ സര്‍ക്കാര്‍ നിയമന നടപടികളൊന്നും സ്വീകരിച്ചില്ല. തങ്ങളെ സര്‍ക്കാര്‍ സമരത്തിലേക്ക് തള്ളി വിടുകയായിരുന്നുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. നിയമനം ഉറപ്പാക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് 25 ദിവസമായി സമരം തുടരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെയും നിലപാട്.



