‘ശബരിമലയിൽ ദേവസ്വം ബോർഡ് എന്ത് സഹായം ആവശ്യപ്പെട്ടാലും നൽകും’: മന്ത്രി കെ മുരളീധരൻ

ശബരിമലയിൽ ദേവസ്വം ബോർഡ് എന്ത് സഹായം ആവശ്യപ്പെട്ടാലും നൽകുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. ദേവസ്വം ബോർഡ് പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുക്കും. ബോർഡിനെ വിശ്വാസത്തിലെടുത്താണ് സർക്കാർ നീങ്ങുന്നത്. ബോർഡിനും സർക്കാരിനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകരുതെന്നാണ് നിലപാടെന്നും മന്ത്രി. സർക്കാർ ചെയ്യേണ്ട 90% കാര്യങ്ങൾ പൂർത്തിയാക്കി, ഇനി ചെയ്യേണ്ടത് ബോർഡാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിലെ അരിവിവാദത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കെ മുരളീധരൻ.ശബരിമല നട തുറക്കാൻ അഞ്ചുദിവസം മാത്രം ബാക്കി നിൽക്കേ മണ്ഡലകാല മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ശബരിമല മണ്ഡല കാല ഒരുക്കങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ശബരിമലയിലെത്തിയ ദേവസ്വം പ്രസിഡന്റ്, മരാമത്ത് പണികൾ അടക്കമുള്ള എല്ലാ കാര്യങ്ങളും നേരിട്ട് കണ്ട് ഉറപ്പുവരുത്തും. അതിനുശേഷം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.അരവണ നിർമ്മാണത്തിനായി നെയ്യ് മിൽമയിൽ നിന്ന് വാങ്ങും. 50,000 ലിറ്റർ നെയ്യ് ദേവസ്വം ബോർഡിന് വേണ്ടിവരും. വിജിലൻസ് ക്ലിയറൻസ് ലഭിക്കുന്ന മുറക്ക് ആയിരിക്കും അന്തിമ തീരുമാനം. മിൽമയിൽ നിന്ന് നെയ്യ് വാങ്ങാനുള്ള ദേവസ്വം ബോർഡ് തീരുമാനം വിവാദമുണ്ടാക്കി കരിവാരിത്തേക്കാൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണെന്ന് മിൽമ ബോർഡ് ചെയർമാൻ കെ എസ് മണി പറഞ്ഞു. പതിനാറാം തീയതി വൈകിട്ട് 5 മണിക്ക് ആയിരിക്കും മണ്ഡല കാലത്തിനുവേണ്ടി ശബരിമല നട തുറക്കുന്നത്.



