സംസ്ഥാന സ്കൂൾ ഗെയിംസിലെ പന്തൽ തകർന്നത് അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും: എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: സ്കൂൾ കായികമേള ഭിന്നിപ്പിച്ച് നടത്തുന്നത് ആദ്യമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. മുൻമന്ത്രി ശിവൻകുട്ടിക്ക് ഓർമ്മക്കുറവാണെന്നും വിദ്യാഭ്യാസമന്ത്രി കുറ്റപ്പെടുത്തി. എല്ലാ സൗകര്യങ്ങളും ഒരിടത്തില്ലാത്തതിനാലാണ് കായികമേള വിവിധയിടങ്ങളിലായി നടത്തുന്നത്. നീന്തൽക്കുളം, ട്രാക്ക് അടക്കമുള്ള കായിക സൗകര്യങ്ങളുടെ പോരായ്മ സംസ്ഥാനത്തുണ്ടെന്നും എൻ ഷംസുദ്ദീൻ ചൂണ്ടിക്കാണിച്ചു. മേളകൾ എല്ലാം കൂടി ഒരിടത്ത് നടത്തിയപ്പോഴൊക്കെ വലിയ ബഹളവും പുകിലുമായിരുന്നു. എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്നത് തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ്. അതുകൊണ്ടാണ് മേള വിഭജിച്ചതെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാന സ്കൂൾ ഗെയിംസിലെ പന്തൽ തകർന്നത് അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണെന്നും എൻ ഷംസുദ്ദീൻ വ്യക്തമാക്കി. അപകടത്തെ ലഘൂകരിക്കുകയോ പർവ്വതീകരിക്കുകയോ ചെയ്യുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. രണ്ടുമൂന്നു ഷീറ്റുകളാണ് നിലത്തേക്ക് വീണത്. പന്തൽ കരാറുകാരന്റെ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻ ഷംസുദ്ദീൻ വ്യക്തമാക്കി.കായികമേള കോർപ്പറേഷനെ അറിയിച്ചില്ലെന്ന വാദവും വിദ്യാഭ്യാസമന്ത്രി തള്ളി. വികേന്ദ്രീകരിച്ച് നടത്തുമ്പോൾ പ്രത്യേക സംഘാടക സമിതികൾ ഇല്ല. കായികമേളയ്ക്ക് ഒരു സംഘാടകസമിതി മാത്രമാണുള്ളത്. ഇത്തവണ അത് രൂപീകരിച്ചിട്ടുള്ളത് കോഴിക്കോടാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. കുട്ടികൾക്ക് ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും അലവൻസ് നൽകിയിട്ടുണ്ട്. ഭക്ഷണത്തിന് ഒരാൾക്ക് 150 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ തുക എല്ലാവർക്കും നൽകിയിട്ടുണ്ടെന്നും എൻ ഷംസുദ്ദീൻ വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് ശക്തമായ കാറ്റിലും മഴയിലും കായിക മേള നടന്ന പന്തൽ തകർന്ന് നിരവധി പേർക്ക് പരിക്കേറ്റത്. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. കാറ്റില്‍ മുകളില്‍ കെട്ടിയിരുന്ന ഷീറ്റുകള്‍ പറന്നു പോകുകയായിരുന്നു. കായികമേളയുടെ ഭാഗമായ നീന്തല്‍, പവര്‍ ലിഫ്റ്റിംഗ് അടക്കമുള്ള മത്സരങ്ങൾക്കിടെയാണ് അപകടം നടന്നത്.



