അയോധ്യ സംഭാവനാ തട്ടിപ്പ്: ട്രസ്റ്റ് മേധാവി ചമ്പത് റായി രാജിവെച്ചു

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ് കേസില്‍ എസ്‌ഐടി അന്വേഷണത്തിനിടെ രാജിവെച്ച് ട്രസ്റ്റ് മേധാവി ചമ്പത് റായി. ട്രസ്റ്റംഗമായ അനില്‍ മിശ്രയും രാജിക്കത്ത് കൈമാറി. എസ്‌ഐടി റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാജി. ഇരുവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. അതേസമയം അയോധ്യ തട്ടിപ്പില്‍ എട്ട് പ്രതികളെയും യുപി പൊലീസ് പിടികൂടിയിരുന്നു.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മൂന്ന് ജീവനക്കാരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചമ്പത് റായിയുടെ അടുത്ത സഹായി അടക്കം എട്ട് ജീവനക്കാരാണ് കേസിലെ പ്രതികള്‍. ഇവരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ടിനു യാദവ്, അനിരല്‍പ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് യാദവ്, സുഭാഷ് ശ്രീവാസ്തവ, അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ, രാം ശങ്കര്‍ മിശ്ര എന്നിവരാണ് പ്രതികള്‍. ചമ്പത് റോയിയുടെ അസിസ്റ്റന്റാണ് ടിനു യാദവ്. കാണിക്ക വഞ്ചികളുടെ താക്കോലുകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച സംഭാവനകള്‍ എണ്ണി തിട്ടപ്പെടുത്തിയ ആളാണ് അനുകല്‍പ് മിശ്ര. ഇയാളുടെ ബന്ധുവാണ് ലവ്കുശ് മിശ്ര. ഇയാളുടെ വീട്ടില്‍ നിന്ന് 10 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ടിനു യാദവിന്റെ ബന്ധുവായ മനീഷ് യാദവിന്റെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയിരുന്നു. പണം എണ്ണിത്തിട്ടപ്പെടുത്തിയ മറ്റൊരാളാണ് അവിനാശ് ശുക്ല. സംഭാവനകളുടെ കണക്കെടുപ്പിന്റെ ഭാഗമായിരുന്ന ആളുകളാണ് കരുണേഷ് പാണ്ഡെയും രാം ശങ്കര്‍ മിശ്രയും..രാം ശങ്കര്‍ മിശ്രയാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് വിവരം. ഇയാളുടെ പക്കല്‍ നിന്നും കാണിക്കപ്പെട്ടിയുടെ താക്കോല്‍ എസ്‌ഐടി കണ്ടെത്തിയത് നിര്‍ണായക തെളിവായിരുന്നു. വിഎച്ച്പി ഉപാധ്യക്ഷന്‍ കൂടിയായ ചമ്പത്ത് റായിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എസ്‌ഐടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ പൊലീസ് കോടതയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് തീരുമാനം.200 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് അയോധ്യയില്‍ നടന്നെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യക അന്വേഷണ സംഘം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവാദം കനക്കുന്ന പശ്ചാത്തലത്തില്‍ ട്രസ്റ്റ് പരിച്ചു വിടണമെന്ന ആവശ്യം ശക്തമാണ്. പ്രധാനമന്ത്രിയായിരിക്കും ഇതില്‍ അന്തിമ തീരുമാനമെടുക്കുക.



