കൊയിലാണ്ടിയില്‍ വീട് മാറി ഇ ഡി റെയ്ഡ് നടത്തിയതായി പരാതി; ആള് മാറിയിട്ടില്ലെന്ന് ED ഉദ്യോഗസ്ഥർ

കോഴിക്കോട്: സ്വര്‍ണക്കടത്ത് ഹവാല കേസുമായി ബന്ധപ്പെട്ട് വീട് മാറി ഇ ഡി റെയ്ഡ് നടത്തിയതായി പരാതി. കൊയിലാണ്ടി മാടാക്കരയിലെ നൗഷാദ് വളപ്പിലാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ആള് മാറിയിട്ടില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥർ പറഞ്ഞു. കൃത്യമായ വിവരത്തിന് അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.പരിശോധനയിൽ പരാതിയുണ്ടെങ്കിൽ കോടതിയിൽ ചോദ്യം ചെയ്തോളൂ എന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. രേഖകൾ കോടതിയിൽ ഹാജരാക്കിക്കൊള്ളാം എന്നും ഉദ്യോഗസ്ഥർ. 10 മണിക്കൂർ പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങി.നൗഷാദിന്റെ തറവാട്ടുവീട്ടില്‍ രാവിലെ ആറ് മണിക്ക് ഇഡി സംഘമെത്തിയിരുന്നു. റെയ്ഡ് നടക്കുമ്പോൾ വീട്ടില്‍ നൗഷാദിന്റെ മാതാപിതാക്കളും സഹോദരങ്ങളും മാത്രമാണുണ്ടായിരുന്നത്. എന്തിനാണ് ഇ ഡി എത്തിയത് അറിയില്ലെന്നും പ്രായമായ മാതാപിതാക്കള്‍ പേടിച്ചിരിക്കുകയാണെന്നും നൗഷാദ് പറഞ്ഞു.തനിക്കെതിരെ ഇതുവരെ ഒരു കേസുമില്ലെന്നും ഒരു മുന്നറിയിപ്പോ നോട്ടീസോ ഒന്നുമില്ലാതെയാണ് ഇഡി വീട് പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തായിരുന്ന നൗഷാദ് ഒമ്പ് മാസം മുന്‍പാണ് നാട്ടിലെത്തിയത്. പിന്നീട് മത്സ്യബന്ധന ജോലിയില്‍ ആയിരുന്നു. ഇന്ന് കുന്ദമംഗലത്തും കൊയിലാണ്ടിയിലുമാണ് ഇഡി പരിശോധന.



