ഭാര്യയുടെ പ്രസവം, പുരുഷന്മാർക്കും അവധി; പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ചെന്നൈ: തമിഴ്നാട് സർക്കാർ സർവീസിലുള്ള പുരുഷ ജീവനക്കാർക്ക് ചരിത്രത്തിലാദ്യമായി 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിറക്കി. കുഞ്ഞിന്റെ ജനനത്തിന് 15 ദിവസം മുൻപോ അല്ലെങ്കിൽ പ്രസവശേഷം ആറ് മാസത്തിനുള്ളിലോ ഈ അവധി പ്രയോജനപ്പെടുത്താൻ ജീവനക്കാർക്ക് സാധിക്കും. പിതൃത്വ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് പുരുഷ ജീവനക്കാരിൽ നിന്ന് ലഭിച്ച നിവേദനങ്ങൾ പരിഗണിച്ചാണ് സർക്കാരിന്റെ ഈ നിർണ്ണായക തീരുമാനം.പ്രസവസമയവും അതിനുശേഷമുള്ള കാലയളവും അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ നിർണ്ണായകമാണെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ, ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നിൽക്കാൻ വിവാഹിതരായ പുരുഷ ജീവനക്കാർക്ക് അവസരമൊരുക്കാനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. വനിതാ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി നൽകുന്നത് മാതൃത്വത്തിനും ശിശുക്ഷേമത്തിനും സർക്കാർ നൽകുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്.ഇതിന് പിന്നാലെ പുരുഷ ജീവനക്കാർക്കും അവധി അനുവദിക്കുന്നത് കുടുംബ ഉത്തരവാദിത്തങ്ങൾ പങ്കിടാനും കുഞ്ഞിന്റെ പരിചരണത്തിൽ പിതാവിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുമെന്ന് സർക്കാർ നിരീക്ഷിച്ചു. നേരത്തെ വനിതാ ജീവനക്കാരുടെ പ്രസവാവധി ഘട്ടംഘട്ടമായി 90 ദിവസത്തിൽ നിന്ന് 365 ദിവസമായി തമിഴ്നാട് ഉയർത്തിയിരുന്നു. നിലവിൽ രണ്ട് കുട്ടികളിൽ താഴെയുള്ള സ്ഥിരം വനിതാ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി ലഭിക്കുമ്പോൾ, രണ്ടോ അതിലധികമോ കുട്ടികളുള്ളവർക്ക് 12 ആഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് അനുവദിച്ചിട്ടുള്ളത്.



