‘മീറ്റിംഗിൽ അപമാനിച്ചതിന് തെളിവുണ്ടെന്ന് ശ്വേത;സ്ത്രീകൾ വന്നപ്പോൾ സംഘടന കുളമായെന്ന പ്രതീതി ഉണ്ടായെന്ന് പിഷാരടി

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ ജനറല്‍ ബോഡിയില്‍ അപമാനിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് നടി ശ്വേതാ മേനോന്. മീറ്റിംഗ് തുടങ്ങിയപ്പോള്‍ തന്നെ ബാബുരാജ് ബഹളമുണ്ടാക്കിയെന്നും കണക്കുകള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും ശ്വേതാ മേനോന് പറഞ്ഞു. സംഘടനയെ ഓര്‍ത്താണ് ഇത്രയും ദിവസം താന്‍ മിണ്ടാതെ ഇരുന്നതെന്നും നിരപരാധിത്വം തെളിയിക്കാനും കണക്ക് അവതരിപ്പിക്കാനും അവസരം തരണമെന്നും ശ്വേതാ മേനോന് ആവശ്യപ്പെട്ടു. അഡ്ഹോക്ക് കമ്മിറ്റിയിലെ അംഗമായ രമേഷ് പിഷാരടിയോടാണ് ശ്വേത ഇക്കാര്യം പറഞ്ഞത്. ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്തുവന്നു.’ജനറല്‍ ബോഡിയില്‍ അപമാനിച്ചതിന് തെളിവുകളുണ്ട്. ഒരു സ്ത്രീയെ ഏഴ് മണിക്കൂറോളമാണ് സ്റ്റേജില്‍ നിര്‍ത്തി അശ്ലീല വാക്കുകള്‍ പറഞ്ഞത്. കണക്കുകള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ല. മീറ്റിംഗ് തുടങ്ങിയപ്പോള്‍ തന്നെ ബാബുരാജ് ബഹളമുണ്ടാക്കി. നിരവധി സ്ത്രീകള്‍ എന്നെ വിളിച്ച് ഇതില്‍ വിഷമം പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സ്ഥാപനമായി അമ്മ മാറി. സംഘടനയെ ഓര്‍ത്താണ് ഇത്രയും ദിവസം മിണ്ടാതിരുന്നത്. കുറ്റാരോപിതര്‍ മാത്രം ബഹളമുണ്ടാക്കിയത് എന്തിനാണ്? സിദ്ധിഖിന് മൈക്ക് പിടിച്ചുവാങ്ങാനുളള അധികാരം ആരാണ് നല്‍കിയത്? അനൂപ് ചന്ദ്രന് അടിക്കാന്‍ ഓങ്ങി. എല്ലാത്തിനും തെളിവുണ്ട്. കണക്കുകള്‍ തെളിയിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്’: ശ്വേതാ മേനോന് പറഞ്ഞു.



