dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി. നാളെ രാവിലെ പതിനൊന്ന് മണിക്ക് വിയ്യൂര്‍ ജയിലില്‍വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. സുഗതന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്. ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപ്രകാരം തെറ്റല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനവിധി മാനിക്കേണ്ടതുണ്ടെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അക്രഡിറ്റഡ് മാധ്യമങ്ങള്‍ക്കും പ്രവേശനം നൽകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതേസമയം കോടതി വിധി മാനിക്കുന്നുവെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ് പറഞ്ഞു. നാളെ കോടതി പറഞ്ഞ സമയത്ത് തന്നെ സത്യപ്രതിജ്ഞ നടത്തും. ഇന്ന് തന്നെ വിയ്യൂരിലേക്ക് പോകും. 101 കൗണ്‍സിലര്‍മാരില്‍ ഒരാള്‍ക്ക് പോലും ഈ അഞ്ച് വര്‍ഷത്തിനിടയില്‍ അയോഗ്യത ഉണ്ടായിട്ടില്ല. രാഷ്ട്രീയത്തില്‍ ഇതൊക്കെ ഉള്ളതാണ്. കേസിന്റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ ഒന്നുമില്ല. തങ്ങള്‍ക്ക് ഒന്നിനോടും വിയോജിപ്പില്ല. ഭരണസമിതി എല്ലാ കൗണ്‍സിലര്‍മാരെയും സംരക്ഷിക്കുമെന്നും ഭരണപരമായ കാര്യങ്ങള്‍ക്ക് എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുമെന്നും വി വി രാജേഷ് വ്യക്തമാക്കി.സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞ ചെയ്യാന്‍ താല്‍ക്കാലികമായി ജയിലില്‍ നിന്ന് വിട്ടയക്കണം എന്നായിരുന്നു സുഗതന്റെ ആവശ്യം. ഇതിന് ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കാപ്പാ കേസില്‍ പ്രതിയായതിനാല്‍ ജയിലില്‍ നിന്ന് പുറത്തുവിടാനുള്ള സാഹചര്യമില്ലെന്നും ആഭ്യന്തര വകുപ്പ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം ഒരുക്കിയത്. സത്യപ്രതിജ്ഞയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സുഗതന്‍ ആദ്യം സമീപിച്ചത്. എന്നാല്‍ സുഗതന്റെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. മജിസ്‌ട്രേറ്റ് കോടതിയല്ല, ഹൈക്കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന്‍ പറഞ്ഞത്. ഇതേ തുടര്‍ന്നായിരുന്നു സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്.ദൈവമാനത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന്‍ ഉള്‍പ്പെടെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയായിരുന്നു ഹൈക്കോടതി റദ്ദാക്കിയത്. കാപ്പ ചുമത്തി ജയിലിലായതിനാല്‍ സുഗതന് മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് ഒപ്പം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. ആറ് മാസത്തെ കാപ്പാ തടവ് കാപ്പ ഉപദേശക സമിതിയും ശരിവെച്ചതോടെ സുഗതന് ജില്ലയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button